സിപിഐ എം പൊളി്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ്റെ നിര്യാണത്തിൽ നവോദയ സംസ്കാരിക വേദി കിഴക്കൻ പ്രവിശ്യ കേന്ദ്ര കമ്മിറ്റി ദുഃഖവും അനുശോചനവും രേഖപെടുത്തി.
നവോദയയുടെ ക്ഷണം സ്വീകരിച്ച് 2018 മെയ് മാസത്തിൽ ദമ്മാം സന്ദർശിച്ച അദ്ദേഹം തൻ്റെ സന്ദർശന വേളയിൽ പ്രവാസികളുടെ വിവിധ പ്രശ്നങ്ങൾ മനസ്സിലാക്കുവാനും പഠിക്കുവാനും ശ്രമിച്ചു.അതിൻ്റെ അടിസ്ഥാനത്തിൽ സർക്കാരിനെകൊണ്ടു വിവിധ നടപടികൾ എടുപ്പിക്കുവാനുള്ള ഇടപെടലുകൾ നടത്തിയ മഹനീയ വ്യക്തികൂടി ആണ് അദ്ദേഹം എന്നും നവോദയ അനുസ്മരിച്ചു.
പുരോഗമന പ്രസ്ഥാനമെന്ന നിലയിൽ നവോദയയുടെ വളർച്ചയ്ക്കും ഉന്നമനത്തിനും സഹായകരമായ നിലപാടാണ് അദ്ദേഹം എന്നും കൈകൊണ്ടിരുന്നത്.
കെഎസ്‌എഫിലൂടെ സംഘടനാപ്രവർത്തനം ആരംഭിച്ച് അടിയന്തരാവസ്ഥക്കാലത്ത് എസ്‌എഫ്‌ഐയുടെ അമരക്കാരനായി ജയിൽവാസത്തിൽ ക്രൂര മർദ്ദനം അനുഭവിക്കേണ്ടി വന്ന അദ്ദേഹം ക്യാമ്പസുകളെ സമരസജ്ജമാക്കിയ എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി എന്നനിലയിലും എക്കാലവും ഓർക്കപെടും എന്നും അനുശോചന കുറിപ്പിൽ പറഞ്ഞു
സിപിഐ (എം) ൻ്റെ ബ്രാഞ്ച് സെക്രട്ടറി, ലോക്കൽ സെക്രട്ടറി, എന്നീ ചുമതലകൾ വഹിച്ച അദ്ദേഹം ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
തുടർന്ന് സിപിഐ (എം) സംസ്ഥാന കമ്മിറ്റി അംഗമായ അദ്ദേഹം സംസ്ഥാന സെക്രട്ടറിയറ്റിൽ അംഗമായി.
2002 ൽ കേന്ദ്ര കമ്മിറ്റിഅംഗമായ അദ്ദേഹം 2015ൽ പോളിറ്റ് ബ്യൂറോ അംഗമായി . 2015 മുതൽ 2022 വരെ സിപിഐ( എം) കേരള സംസ്ഥാന സെക്രട്ടറി ആയും ചുമതല വഹിച്ചിരുന്നു.
പ്രവാസി സമൂഹത്തിൻ്റെ വിവിധ പ്രശ്നങ്ങളിൽ ഇടപെടുകയും നവോദയയുടെ കൂടെ എന്നും നിൽക്കുകയും ചെയ്തിട്ടുള്ള അദ്ദേഹത്തിൻ്റെ അകാല വിയോഗത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതോടൊപ്പം അദ്ദേഹത്തിൻ്റെ കുടുംബതിൻ്റെ ദുഃഖത്തിലും പങ്കുചേരുന്നതായും നവോദയ സംസ്കാരിക വേദി കേന്ദ്രകമ്മിറ്റി അറിയിച്ചു.