ദമ്മാം: കുട്ടികളുടെ ആന്തരികവും നൈസർഗികവുമായ കഴിവുകൾ വികസിപ്പിച്ചെടുക്കാൻ രക്ഷിതാക്കൾ അവസരം സൃഷ്ടിക്കണമെന്നും തങ്ങളുടെ താല്പര്യങ്ങളും മുൻഗണനകളും കുട്ടികളിൽ അടിച്ചേൽപ്പിക്കാതിരിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും കേരള യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലരും കേരള സംസ്ഥാന ആസൂത്രണ ബോർഡ് അംഗവുമായ ഡോ. ബി. ഇക്ബാൽ അഭിപ്രായപ്പെട്ടു.
വിജയങ്ങൾ പോലെ തന്നെ പരാജയങ്ങളെയും സമചിത്തതയോടെ അഭിമുഖീകരിക്കാനും അവയിൽ നിന്നും നിന്ന് പാഠങ്ങൾ ഉൾക്കൊണ്ടു കൊണ്ട് മുന്നോട്ട് പോകാൻ കുട്ടികളെ പ്രാപ്തരാക്കണമെന്നും അദ്ദേഹം രക്ഷിതാക്കളെ ഉദ്ബോധിപ്പിച്ചു.
എപ്പോഴും ഒന്നാം സ്ഥാനത്ത് തന്നെ വരാണമെന്നതല്ല മറിച്ച് തങ്ങളുടെ കഴിവുകൾക്കും വാസനകൾക്കും പിറകെ പോകാൻ കുട്ടികൾക്കു അവസരം ഉണ്ടാകണം. ദമ്മാമ്മിൽ നടന്ന ഈ വര്‍ഷത്തെ നവോദയ സ്കോളര്‍ഷിപ്പ് വിതരണം ഓൺലൈനിൽ കൂടി ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു ഡോ. ബി. ഇക്ബാൽ.
ഇറാം ഗ്രുപ്പ് ചെയർമാനും മാനേജിങ് ഡയറക്ടരുമായ ഡോ. സിദ്ദിഖ് അഹമ്മദ് മുഖ്യഥിതി ആയിരുന്നു. ലോക കേരള സഭ അംഗവും നവോദയ മുഖ്യ രക്ഷാധികാരിയുമായ ജോർജ് വർഗീസ്, നവോദയ രക്ഷാധികാരി ഇ. എം കബീർ, ആക്റ്റിംഗ് ജനറൽ സെക്രട്ടറി റഹിം മടത്തറ, ട്രഷറർ കൃഷ്ണകുമാർ ചവറ, നവോദയ കേന്ദ്ര ബാലവേദി രക്ഷാധികാരി സുരയ്യ ഹമീദ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
10 / 12 ക്ളാസുകളിൽ ഉന്നത വിജയം നേടിയ നവോദയ അംഗങ്ങളുടെ മക്കൾക്കാണ് സ്കോളർഷിപ്പ് നൽകി വരുന്നത്. 2020 – 21 അധ്യയന വർഷത്തിൽ 486 വിദ്യാർത്ഥികൾ ആണ് സ്കോളർഷിപ്പിന് അർഹരായത്. കോവിഡ് നിയന്ത്രണങ്ങൾ മൂലം പരിമിതിമായ വിദ്യാർത്ഥികൾക്ക് മാത്രമേ ചടങ്ങിൽ നേരിട്ട് പങ്കെടുക്കാൻ കഴിഞ്ഞുള്ളു.
മറ്റുള്ളവർ ഓൺലൈൻ സംവിധാനത്തിൽ കൂടി പരിപാടിയിൽ പങ്കെടുത്തു. അവർക്കുള്ള സർട്ടിഫിക്കറ്റുകളും സ്കോളർഷിപ്പും പിന്നീട് കൈമാറുന്നതാണ്. നവോദയ അംഗങ്ങളായ തമിഴ്നാട് സ്വദേശികളുടെ മക്കൾ അടക്കം ഈ വർഷം സ്കോളർഷിപ്പ് ഏറ്റുവാങ്ങി.
നവോദയ ആക്റ്റിംഗ് പ്രസിഡണ്ട് ലക്ഷ്മണൻ കണ്ടമ്പേത്ത് അധ്യക്ഷ്യം വഹിച്ച ചടങ്ങിന് ജനറൽ സെക്രട്ടറി പ്രദീപ് കൊട്ടിയം സ്വാഗതവും വിദ്യാധരൻ കോയാടൻ നന്ദിയും അറിയിച്ചു.