തിരുവനന്തപുരം: ലോക്ഡൗണിന് പിന്നാലെ വര്‍ക്ക് ഫ്രം ഹോം സംവിധാനം കൂടി സജീവമായതോടെ ഇന്റര്‍നെറ്റ് ഉപഭോഗവും കുതിച്ചുയരുന്നു.നെറ്റ്വര്‍ക്ക് ശേഷിയുടെ 90 ശതമാനത്തിലേറെയാണ് ഇപ്പോള്‍ ഉപയോഗം.
ഫെബ്രുവരിയിലേതിനെ അപേക്ഷിച്ച് 25-35 ശതമാനം വരെയാണ് വര്‍ധന. ഒന്നാം ലോക്ഡൗണ്‍ കാലത്ത് ഇന്റര്‍നെറ്റ് ശേഷിയെ കുറിച്ച് ആശങ്കയുയര്‍ന്നപ്പോള്‍ എല്ലാ ടെലികോം കമ്പനികള്‍ക്കും കൂടി 1000 മൊബൈല്‍ ടവര്‍ കൂടി സ്ഥാപിച്ചാലെ നെറ്റ്വര്‍ക്ക് ക്ഷമത കാര്യക്ഷമമായി നിലനിര്‍ത്താനാകൂ എന്ന് വിലയിരുത്തിയിരുന്നു.
തുടര്‍ന്ന്, ചിലയിടങ്ങള്‍ നെറ്റ്വര്‍ക്ക് ശേഷി വര്‍ധിപ്പിക്കാന്‍ നടപടി തുടങ്ങിയെങ്കിലും ക്രമേണ കമ്പനികള്‍ പിന്മാറി.
ലോക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് ജനജീവിതം സാധാരണ നിലയിലായതോടെ വീടുകളിലെ ഇന്റര്‍നെറ്റ് ഉപയോഗം കുറഞ്ഞതോടെയായിരുന്നു കമ്പനികളുടെ പിന്മാറ്റം.
ഒന്നാം ലോക്ഡൗണില്‍ ഇന്റര്‍നെറ്റ് സേവനങ്ങളുടെ കാര്യക്ഷമത ഉറപ്പുവരുത്താനും വിലയിരുത്താനും ഐ. ടി വകുപ്പിന് കീഴില്‍ പ്രത്യേക സംവിധാനം ഒരുക്കിയിരുന്നു. നെറ്റ്വര്‍ക്ക് ക്ഷമത സംബന്ധിച്ച് കൃത്യമായ ഇടവേളകളില്‍ റിപ്പോര്‍ട്ടും തേടിയിരുന്നു. ഇക്കുറി അത്തരം ക്രമീകരണങ്ങളില്ല.
ഐ.ടി കമ്പനികളില്‍ ഭൂരിഭാഗവും വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലാണ്. സര്‍ക്കാര്‍ സംവിധാനങ്ങളും നല്ലൊരു പങ്ക് ഈ നിലയിലേക്ക് മാറിയിട്ടുണ്ട്. ലോക്ഡൗണ്‍ തുടരുമോ എന്നുറപ്പില്ലെങ്കിലും ജൂണോടെ ഓണ്‍ലൈന്‍ ക്ലാസുകളും സജീവമാകും. ഇതെല്ലാം ചേരുമ്പോള്‍ ഉപഭോഗം വീണ്ടും ഉയരാനാണ് സാധ്യത.
ലോക്ഡൗണ്‍ കാലത്ത് വീട്ടിലകപ്പെട്ടവരും നേരം പോകാന്‍ ആശ്രയിക്കുന്നത് ഇന്റര്‍നെറ്റിനെയാണ്. വിഡിയോ കാണലാണ് ഏറെയും. ഇതോടെ, പലയിടങ്ങളിലും ഇന്റര്‍നെറ്റ് വേഗം കുറഞ്ഞിട്ടുണ്ട്. കാളുകളിലെ തടസ്സം, അവ്യക്തത, വിഡിയോ കാളുകളുടെ വ്യക്തത കുറവ് തുടങ്ങിയ പരാതികളും ഉയരുന്നുണ്ട്.
സംസ്ഥാനത്ത് എല്ലാ മൊബൈല്‍ ഉപഭോക്താക്കള്‍ക്കും കൂടി 17,000 മൊബൈല്‍ ടവറാണുള്ളത്.
മുമ്പ് രാത്രി ഏഴു മുതല്‍ 11 വരെയാണ് ഇന്റര്‍നെറ്റ് ഉപയോഗം പാരമ്യത്തിലുണ്ടായിരുന്നത്. എന്നാല്‍, വര്‍ക്ക് ഫ്രം ഹോം കൂടുതല്‍ സജീവമായതോടെ പീക്ക് ടൈം രാവിലെ ഒമ്പത് മുതല്‍ രാത്രി 12 വരെ നീളുന്നു.
എല്ലാവര്ക്കും വേഗത്തിലുള്ള ഇന്റര്‍നെറ്റ് ലഭ്യതക്ക് 4000 മൊബൈല്‍ ടവര്‍ വേണമെന്നാണ് പൊതുവില്‍ കണക്കാക്കുന്നതെങ്കിലും അടിന്തരമായി 1000 എണ്ണം സ്ഥാപിക്കാനാണ് ലക്ഷ്യമിട്ടത്.