റിയാദ്: സൗദി അറേബ്യയിലേക്ക് വരുന്ന വിദേശികളും അവരുടെ ആശ്രിതരും കോവിഡ് വാക്സിൻ വിവരങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തി മാത്രമേ ബോർഡിംഗ് പാസ് നൽകാവൂവെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ എല്ലാ വിമാനക്കമ്പനികളോടും ആവശ്യപ്പെട്ടു. ആഭ്യന്തരമന്ത്രാലയത്തിന്റെ മുഖീം പോർട്ടലിലാണ് വാക്സിൻ വിവരങ്ങൾ രജിസ്റ്റർ ചെയ്യേണ്ടത്. 16 ന് ബുധനാഴ്ച മുതലാണ് വ്യവസ്ഥ നിലവിൽ വരിക.
മുഖീമിൽ രജിസ്റ്റർ ചെയ്തതായി മൊബൈലുകളിൽ ലഭിച്ച സന്ദേശമോ രജിസ്റ്റർ ചെയ്ത ശേഷമുള്ള പ്രിന്റോ എയർപോർട്ടിൽ കാണിച്ചിരിക്കണം. ശേഷം ഉദ്യോഗസ്ഥർ പാസ്പോർട്ട് നമ്പറുപയോഗിച്ച് മുഖീമിൽ പരിശോധിച്ചുറപ്പുവരുത്തുകയും വേണം. ഏതെങ്കിലും വിമാനക്കമ്പനികൾ ഈ വ്യവസ്ഥ പാലിക്കാതിരുന്നാൽ സർക്കാർ തീരുമാനങ്ങൾ ലംഘിച്ചതായി കണക്കാക്കി കർശന നടപടികൾ സ്വീകരിക്കുമെന്നും അറിയിപ്പിലുണ്ട്.