ദോഹ – ഓൺ അറൈവൽ വിസയിൽ ദോഹയിലെത്തുന്നവർ 5000 റിയാലോ തത്തുല്യമായ തുകയോ കയ്യിൽ കരുതണമെന്ന് നിർദേശം. അല്ലാതെ ഖത്തറിലെത്തിയ 17 മലയാളികളെ തിരിച്ചയച്ചു. കോഴിക്കോട് നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിൽ വ്യാഴാഴ്ച ഉച്ചക്ക് മുമ്പായെത്തിയവർക്ക് അതേ വിമാനത്തിൽ തിരികെ മടങ്ങേണ്ടി വന്നു.
സൗദിയിലേക്ക് പോകാൻ വേണ്ടി എത്തിയവരായിരുന്നു ഇവർ. മടക്കയാത്രക്ക് ടിക്കറ്റ് ചാർജായി എയർ ഇന്ത്യ 2000 റിയാൽ ആവശ്യപ്പെട്ടെങ്കിലും ഒടുവിൽ 650 റിയാലിന് വഴങ്ങുകയായിരുന്നു.
5000 റിയാലോ തത്തുല്യ തുകയുള്ള ഇന്റർനാഷണൽ ബാങ്ക് കാർഡോ വേണമെന്നാണ് നിർദേശം. ഓൺ അറൈവൽവിസയിൽ നിത്യവും നിരവധി പേരാണ് ദോഹയിലെത്തുന്നത്. ഖത്തറിൽ കഴിയുന്നത്ര ദിവസത്തെ ചിലവുകൾക്കും മറ്റാവശ്യങ്ങൾക്കും പൈസയില്ലാതെ ബുദ്ധിമുട്ടുന്നത് ഒഴിവാക്കാനാണ് ഇങ്ങനെയൊരു സിസ്റ്റം നേരത്തെ നിലനിന്നിരുന്നത്.