ന്യൂഡല്‍ഹി: കോവിഡ് വാക്സിനേഷന് വൈകുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്റെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തിന് ആവശ്യം വേഗത്തിലുള്ള സമ്പൂര്‍ണ്ണ വാക്സിനേഷന് ആണ്. അല്ലാതെ മോദി സര്‍ക്കാരിന്റെ നിഷ്ക്രിയത്വം മൂലമുണ്ടാകുന്ന വാക്സിന് ക്ഷാമം മറയ്ക്കാനുള്ള ബിജെപിയുടെ പതിവ് നുണകളും മുദ്രാവാക്യങ്ങളും അല്ലെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.
കോവിഡ് വാക്സിനായ കോവിഷീല്‍ഡിന്റെ ഡോസുകള്‍ തമ്മിലുള്ള ഇടവേളകളുടെ ദൈര്‍ഘ്യം വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം ശാസ്ത്ര സംഘത്തിന്റെ യോജിപ്പോടെയുള്ളതല്ലെന്ന വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടും സഹിതമായിരുന്നു രാഹുലിന്റെ ട്വീറ്റ്. പ്രധാനമന്ത്രിയുടെ വ്യാജപ്രതിച്ഛായ സംരക്ഷിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നിരന്തരമായ ശ്രമങ്ങള്‍ വൈറസ് വ്യാപനം സുഗമമാക്കുകയും ആളുകളുടെ ജീവന് നഷ്ടപ്പെടുത്തുകയും ചെയ്യുമെന്നും കോണ്‍ഗ്രസ് നേതാവ് ട്വിറ്ററില്‍ കുറിക്കുന്നു.
കോവിഷീല്‍ഡിന്റെ ഡോസുകള്‍ തമ്മിലുള്ള ഇടവേളകളുടെ ദൈര്‍ഘ്യം 12 ആഴ്ചയായി കേന്ദ്രം വര്‍ധിപ്പിച്ചിരുന്നു. ഇടവേള വര്‍ധിപ്പിച്ചത് സുതാര്യവും ശാസ്ത്രീയ സ്ഥിതിവിവരങ്ങളുടെ അടിസ്ഥാനത്തിലുമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്ധന് പ്രതികരിച്ചിരുന്നു. അത്തരമൊരു സുപ്രധാന വിഷയം രാഷ്ട്രീയവല്ക്കരിക്കപ്പെടുന്നത് നിര്‍ഭാഗ്യകരമാണെന്നും ഹര്‍ഷ വര്ധന് ട്വീറ്റ് ചെയ്തിരുന്നു.
നാഷണല്‍ ടെക്നിക്കല്‍ അഡ്വൈസറി ഗ്രൂപ്പ് ഓണ്‍ ഇമ്മ്യൂണൈസേഷന്‍ (എന്‍ടിജിഐ) മേധാവി ഡോ. എന്‍കെ അറോറയുടെ പ്രസ്താവനയും ആരോഗ്യ മന്ത്രി ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. വാക്സിനുകള്‍ തമ്മിലുള്ള ഇടവേള 12 ആഴ്ച ആകുമ്ബോള്‍ ഫലപ്രാപ്തി 65 ശതമാനം മുതല്‍ 88 ശതമാനം വരെ വ്യത്യാസപ്പെട്ടിരിക്കുന്നതായി യുകെ ഹെല്‍ത്ത് റെഗുലേറ്റര്‍ പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്റെ പഠനത്തെ ഉദ്ധരിച്ച് ഡോ. അറോറ പറയുന്നു.