രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹര്‍ഷ് വര്ധന് അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് തിരുമാനിക്കും. ഏപ്രില്‍ 18 നാണ് നേരത്തേ പരീക്ഷ നടക്കാനിരുന്നത്.
നീറ്റ് പരീക്ഷ മാറ്റിവെയ്ക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച ഒരു വിഭാഗം ഡോക്ടര്‍മാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കൊവിഡ് രോഗികളെ ദിവസേന ചികിത്സിക്കുന്നവരാണ് പരീക്ഷയ്ക്ക് ഹാജരാകാനിരിക്കുന്ന ഡോക്ടര്‍മാരാണെന്നും അതിനാല്‍ തന്നെ പരീക്ഷ മാറ്റണമെന്നുമായിരുന്നു ആവശ്യം.
രാജ്യത്ത് കോവിഡ് -19 കേസുകളുടെ എണ്ണത്തില്‍ പെട്ടെന്നുള്ള കുതിച്ചുചാട്ടവും ഡോക്ടര്‍മാരുടെ കുറവും അനുഭവപ്പെടുന്ന ഒരു ഘട്ടത്തില്‍, ഏപ്രില്‍ 18 ന് പരീക്ഷ നടത്താനുള്ള വിജ്ഞാപനം പൊതുതാല്പര്യത്തിന് വിരുദ്ധമാണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.പ്രത്യേകിച്ച് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കുകയും പ്ലസ് ടു പരീക്ഷ മാറ്റിവെക്കുകയും ചെയ്ത സാഹചര്യത്തില്‍. പരീക്ഷ മാറ്റിവെയ്ക്കണമെന്ന് നേരത്തേ ഡിഎംകെ ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു.