ദുബൈ : സൗദിയിലേക്കുള്ള യാത്രക്കാർക്ക് എൻ ഒ സി നൽകാൻ നേപ്പാൾ ഇന്ത്യൻ എംബസി വരുത്തുന്ന കാലതാമസം ഒഴിവാക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് ഐ സി എഫ് ഗൾഫ് കൗൺസിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രിക്ക് കത്തയച്ചു.
സൗദിയിലേക്ക് തിരിച്ചെത്തുന്നതിനായി നേപ്പാൾ വഴി യാത്ര ചെയ്ത നിരവധി മലയാളികൾ കാട്മണ്ഡുവിൽ കുടുങ്ങിയിരിക്കുകയാണ്. നേപ്പാളിലെ ഇന്ത്യൻ എംബസി എൻ ഒ സി നൽകുന്നതിൽ വരുത്തുന്ന കാലതാമസമാണ് യാത്ര പ്രതിസന്ധിയിലാക്കിയതെന്നാണ് സൗദിയിലേക്ക് മടങ്ങാനായി നേപ്പാളിലെത്തിയവർ പറയുന്നത്.
ആദ്യഘട്ടത്തിൽ അപേക്ഷിച്ച എല്ലാവർക്കും എൻ.ഒ.സി നൽകിയിരുന്നു. എന്നാൽ ഇപ്പോൾ യാത്ര ചെയ്യുന്നതിന്റെ തലേ ദിവസം എംബസിയിലേക്ക് ഇമെയിൽ വഴി റിക്വസ്റ്റ് ചെയ്യുന്ന ആദ്യത്തെ അമ്പത് പേർക്കാണ് എൻ.ഒ.സി നൽകുന്നത് എന്നാണ് അറിയുന്നത്. എൻ.ഒ.സി ലഭിക്കണമെങ്കിൽ കൺഫേം ആയിട്ടുള്ള വിമാനടിക്കറ്റും നിർബന്ധമാണ്. ഏതെങ്കിലും കാരണവശാൽ എൻ.ഒ.സി ലഭിക്കാതെ വന്നാൽ ടിക്കറ്റ് ക്യാൻസൽ ചെയ്യുകയോ അടുത്ത ദിവസത്തേക്ക് റീ ഷെഡ്യൂൾ ചെയ്യുകയോ ചെയ്യേണ്ടിവരുന്നു. വലിയ സംഖ്യ മുടക്കിയാണ് മലയാളികളടക്കമുള്ളവർ കാട്മണ്ഡുവിൽ എത്തിയത്. എന്നാൽ യാത്ര പാതിവഴിയിൽ അനിശ്ചിതത്തിലായത് അവരെ വല്ലാതെ കുഴക്കുകയാണ്. ഈ വിഷയത്തിൽ ആവശ്യമായ അന്വേഷണം നടത്തി ഇടപെടണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.