റിയാദ്: സൗദിയില്‍ തൊഴില്‍ നിയമത്തിലെ പുതിയ ഭേദഗതികള്‍ പ്രാബല്യത്തില്‍. ജീവനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായി നിരവധി മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്.തൊഴിലിടങ്ങളില്‍ ലിംഗം, നിറം, ശാരീരിക വൈകല്യ അവസ്ഥ, സാമൂഹികസ്ഥിതി എന്നിവയുടെ പേരില്‍ വിവേചനം കാണിക്കുന്നത് നിയമം മൂലം നിരോധിച്ചിരിക്കുന്നു.
തൊഴില്‍ നിയമത്തിലെ പുതിയ ഭേദഗതികള്‍ അനുസരിച്ച് വനിതാ ജീവനക്കാര്‍ക്ക് ആറാഴ്ചത്തെ പ്രസവാവധി അനുവദിച്ചു. സ്ത്രീ തൊഴിലാളികള്‍ക്ക് മൊത്തം 12 ആഴ്ച പ്രസവാവധി പ്രയോജനപ്പെടുത്താമെന്നും അതില്‍ ആറ് ആഴ്ച പ്രസവശേഷം നിര്‍ബന്ധിത അവധിയാണെന്നും ബാക്കിയുള്ള ആറ് ആഴ്ചകള്‍ അവരുടെ വിവേചനാധികാരം അനുസരിച്ച് എടുക്കാമെന്നുമാണ് ഭേദഗതിയില്‍ പറയുന്നത്.
അടുത്ത ബന്ധുക്കള്‍ മരിച്ചാല്‍ വേതനത്തോട് കൂടിയ അവധി ലഭിക്കും. സഹോദരന്‍/സഹോദരി മരിച്ചാല്‍ 3 ദിവസവും, ഭാര്യ/ഭര്‍ത്താവ് മരിച്ചാല്‍ 5 ദിവസവും അവധി ലഭിക്കും. സ്വന്തം വിവാഹത്തിന് 5 ദിവസത്തെ പൂര്‍ണ്ണവേതന അവധിക്ക് അര്‍ഹതയുണ്ട്.
അവധി ദിവസങ്ങളില്‍ ജോലി ചെയ്താല്‍ ഓവര്‍ ടൈം വേതനം നല്‍കണം. തൊഴില്‍ കരാറില്‍ കാലാവധി രേഖപ്പെടുത്തണം. പ്രൊബേഷന്‍ പീരിയഡ് 6 മാസത്തില്‍ കൂടുതല്‍ പാടില്ല. ലൈസന്‍സ് ഇല്ലാതെ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നത് ശിക്ഷാര്‍ഹമാണ്. പുതിയ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.