വാട്ട്സ് ആപ്പിൽ പുതിയ സുരക്ഷാ ഫീച്ചറുകൾ

വാട്‌സ്‌ആപ്പ് തങ്ങളുടെ ഉപയോക്താക്കള്‍ക്കായി പ്രധാനപ്പെട്ട രണ്ട് സെക്യൂരിറ്റി ഫീച്ചറുകള്‍ കൂടി അവതരിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍.

മെസേജ് ലെവല്‍ റിപ്പോര്‍ട്ടിങ്, ഫ്‌ളാഷ് കോളുകള്‍ എന്നിവയാണ് പുതിയതായി ചേര്‍ത്ത ഫീച്ചറുകള്‍. പുതിയ ഫീച്ചറുകള്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷയും നിയന്ത്രണവും നല്‍കുമെന്ന് വാട്‌സ്‌ആപ്പ് അവകാശപ്പെടുന്നു.

വാട്‌സാപ്പില്‍ ഇഷ്ടപ്പെടാത്ത മെസ്സേജുകള്‍ ഫ്‌ളാഗ് ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചറാണ് മെസേജ് ലെവല്‍ റിപ്പോര്‍ട്ടിങ്. ഇങ്ങനെ മെസേജ് ഫ്‌ളാഗ് ചെയ്ത് മറ്റൊരു അക്കൗണ്ട് റിപ്പോര്‍ട്ട് ചെയ്യാനോ ബ്ലോക്ക് ചെയ്യാനോ സാധിക്കും.

ആരെങ്കിലും നിങ്ങള്‍ക്ക് അപകീര്‍ത്തികരമോ, അശ്ലീലമോ അല്ലെങ്കില്‍ മോശപ്പെട്ടതോ ആയ മെസേജുകളോ ചിത്രങ്ങളോ മറ്റോ അയച്ചു എന്നിരിക്കട്ടെ, അയാളെ നിങ്ങള്‍ക്ക് വളരെ എളുപ്പം റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയും. അയാള്‍ അയച്ച, നിങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത മെസേജില്‍ ലോങ് പ്രസ് ചെയ്യുക. തുടർന്ന് വരുന്ന ഓപ്ഷന്‍ വഴി മെസേജ് ഫ്‌ളാഗ് ചെയ്യാനും അത് വഴി അയാളെ റിപ്പോര്‍ട്ട് അല്ലെങ്കില്‍ ബ്ലോക്ക് ചെയ്യാനും സാധിക്കും.

ഒരു പുതിയ ഫോണില്‍ വാട്‌സ്‌ആപ്പ് സജ്ജീകരിക്കുമ്പോഴോ ഹാന്‍ഡ്സെറ്റില്‍ വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യുമ്പോഴോ ആണ് പുതിയ ഫ്‌ളാഷ് കോള്‍ ഫീച്ചര്‍ ഉപയോഗപ്പെടുത്താന്‍ ആകുന്നത്. അക്കൌണ്ട് രജിസ്റ്റര്‍  ചെയ്യുമ്പോൾ എസ്‌എംഎസ് വെരിഫിക്കേഷന് പകരം ഒരു ഓട്ടോമേറ്റഡ് കോളിലൂടെ ഫോണ്‍ നമ്പർ പരിശോധിക്കാനുള്ള ഓപ്ഷന്‍ പുതിയ ഫീച്ചര്‍ വാഗ്ദാനം ചെയ്യുന്നു.

ഈ ഫീച്ചര്‍ നിലവില്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് മാത്രമേ ലഭ്യമാകൂ. വാട്‌സ്‌ആപ്പിന് നമ്മുടെ ഫോണിലേക്ക് വിളിക്കാനും സ്വയം നമ്പർ സ്ഥിരീകരിക്കാനും ഉള്ള അനുവാദം പുതിയ ഫീച്ചര്‍ നല്‍കുന്നു. ഇത് എസ്‌എംഎസ് വെരിഫിക്കേഷന്റെ ആവശ്യകത ഇല്ലാതാക്കുന്നുവെന്നും കമ്പനി പറയുന്നു.

എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍, കോണ്‍ടാക്റ്റുകള്‍ ബ്ലോക്ക് ചെയ്യുക, ആരുമായി എന്താണ് പങ്കിടേണ്ടതെന്ന് നിയന്ത്രിക്കുക, ഡിസ്സപ്പിയറിങ്ങ് മെസേജുകള്‍, ടച്ച്‌ ഐഡി അല്ലെങ്കില്‍ ഫേസ് ഐഡി ഉപയോഗിച്ച്‌ ആപ്പ് ലോക്ക് ചെയ്യുക തുടങ്ങിയ ഒട്ടനവധി സുരക്ഷാ ഫീച്ചറുകള്‍ വാട്‌സ്‌ആപ്പ് വാഗ്ദാനം ചെയ്യുന്നു.

 

Mediawings:

spot_img

Related Articles

Latest news