ന്യൂ മാഹി ഇരട്ടകൊലക്കേസ്: കൊടി സുനി അടക്കം 14 പ്രതികളെ വെറുതെവിട്ട് കോടതി

തലശ്ശേരി: പള്ളൂരില്‍ രണ്ട് ആർഎസ്‌എസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഴുവൻ പ്രതികളെയും കോടതി വെറുതെവിട്ടു.ആർഎസ്‌എസ് പ്രവർത്തകരായ ഈസ്റ്റ്‌ പള്ളൂർ പൂശാരിക്കോവിലിന് സമീപം മടോമ്മല്‍ക്കണ്ടി വിജിത്ത് (28), കുറുന്തോടത്ത് ഹൗസില്‍ ഷിനോജ് (29) എന്നിവർ കൊല്ലപ്പെട്ട കേസിലാണ് സിപിഎം പ്രവർത്തകരായ 16 പ്രതികളെയും വെറുതെ വിട്ടത്. കേസിലെ രണ്ടു പ്രതികള്‍ വിചാരണക്കിടെ മരിച്ചിരുന്നു. ബാക്കിയുള്ള 14 പ്രതികളേയും ആണ് കോടതി വെറുതെ വിട്ടത്.

തലശ്ശേരി അഡീഷണല്‍ ജില്ലാസെഷൻസ് കോടതി (മൂന്ന്) ജഡ്ജി റൂബി കെ.ജോസിന്റേതായിരുന്നു വിധി. ടി.പി.ചന്ദ്രശേഖരൻ കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവരുള്‍പ്പെടെ 16 സിപിഎം പ്രവർത്തകരാണ് കേസിലെ പ്രതികള്‍.

2010 മേയ് 28-ന് രാവിലെ 11-ന് ന്യൂമാഹി പെരിങ്ങാടി റോഡില്‍ കല്ലായില്‍വെച്ചാണ് കൊലപാതകം. മാഹി കോടതിയില്‍ ഹാജരായി തിരിച്ചുവരുമ്ബോള്‍ ആർഎസ്‌എസ് പ്രവർത്തകരായ വിജിത്തിനെയും ഷിനോജിനെയും ബൈക്ക് തടഞ്ഞുനിർത്തി ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. വിജിത്തിന്റെ അമ്മ രാജമ്മ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്നാണ് കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചത്

പള്ളൂർ കോയ്യോട് തെരുവിലെ ടി.സുജിത്ത് (36), മീത്തലെച്ചാലില്‍ എൻ.കെ.സുനില്‍കുമാർ (കൊടി സുനി-40), നാലുതറയിലെ ടി.കെ.സുമേഷ് (43), ചൊക്ലി പറമ്ബത്ത് ഹൗസില്‍ കെ.കെ.മുഹമ്മദ് ഷാഫി (39), പള്ളൂരിലെ ടി.പി.ഷമില്‍ (37), കവിയൂരിലെ എ.കെ.ഷമ്മാസ് (35), ഈസ്റ്റ് പള്ളൂരിലെ കെ.കെ.അബ്ബാസ് (35), ചെമ്ബ്രയിലെ രാഹുല്‍ (33), നാലുതറ കുന്നുമ്മല്‍വീട്ടില്‍ വിനീഷ് (44), നാലുതറ പടിഞ്ഞാറെപാലുള്ളതില്‍ പി.വി.വിജിത്ത് (40), പള്ളൂർ കിണറ്റിങ്കല്‍ കെ.ഷിനോജ് (36), ന്യൂമാഹി അഴീക്കല്‍ മീത്തലെ ഫൈസല്‍ (42), ഒളവിലം കാട്ടില്‍ പുതിയവീട്ടില്‍ സരീഷ് (40), ചൊക്ലി തവക്കല്‍ മൻസില്‍ ടി.പി.സജീർ (38) എന്നിവരാണ് പ്രതികള്‍.

ജനുവരി 22-നാണ്‌ കേസില്‍ വിചാരണ തുടങ്ങിയത്. ജൂലായില്‍ സാക്ഷിവിസ്താരം പൂർത്തിയായി. 63 തൊണ്ടിമുതലും 140 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷൻ 44 സാക്ഷികളെയും പ്രതിഭാഗം രണ്ടു സാക്ഷികളെയും വിസ്തരിച്ചു. കൊല്ലപ്പെട്ട ഷിനോജിന്റെ പോലീസ് സ്റ്റേഷനിലുള്ള ബൈക്ക് വിചാരണ തുടങ്ങിയ ദിവസം കോടതിയില്‍ ഹാജരാക്കി.

വിചാരണ തുടങ്ങുമ്പോള്‍ പരോളിലായിരുന്ന കൊടി സുനി കോടതി അനുമതിയോടെയാണ് വിചാരണയ്ക്ക് ഹാജരായത്. കോഴിക്കോട്, കണ്ണൂർ ജില്ലകളില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെയായിരുന്നു പരോള്‍. നാലാംപ്രതി മുഹമ്മദ് ഷാഫി, 13-ാംപ്രതി ഷിനോജ് എന്നിവർ കണ്ണൂർ സെൻട്രല്‍ ജയിലില്‍നിന്നാണ് വിചാരണയ്ക്കെത്തിയത്.
10-ാം പ്രതി സി.കെ.രജികാന്ത്, 12-ാംപ്രതി മുഹമ്മദ് രജീസ് എന്നിവർ സംഭവശേഷം മരിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ പി.പ്രേമരാജൻ പ്രതിഭാഗത്തിനുവേണ്ടി അഡ്വ. സി.കെ.ശ്രീധരൻ, അഡ്വ. കെ.വിശ്വൻ എന്നിവർ ഹാജരായി.

spot_img

Related Articles

Latest news