മന്ത്രിസഭ അധികാരമേറ്റു

രണ്ടാം പിണറായി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. തിരുവന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ പ്രത്യേകം തയാറാക്കിയ വേദിയിൽ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. ആദ്യം മുഖ്യമന്ത്രി പിണറായി വിജയനും തുടർന്ന് ഘടകകക്ഷി നേതാക്കളായ കെ രാജൻ (സി പി ഐ), റോഷി അഗസ്റ്റിൻ (കേരള കോൺഗ്രസ് – മാണി), കെ കൃഷ്ണൻ കുട്ടി (ജനതാ ദൾ – എസ്) , എ കെ ശശീന്ദ്രൻ (എൻ സി പി), അഹമ്മദ് ദേവർകോവിൽ (ഐ എൻ എൽ), ആന്റണി രാജു (ജനാധിപത്യ കേരളാ കോൺഗ്രസ്) എന്നിവരും സത്യവാചകം ഏറ്റു ചൊല്ലി.

ശേഷം അക്ഷരമാല ക്രമത്തിൽ മറ്റു മന്ത്രിമാരായ  വി അബ്ദുറഹിമാൻ , ജി. ആര്‍. അനില്‍, കെ. എൻ. ബാലഗോപാൽ, ആർ. ബിന്ദു, ജെ. ചിഞ്ചുറാണി, എം. വി. ഗോവിന്ദൻ മാസ്റ്റർ, പി എ മുഹമ്മദ് റിയാസ്, പി. പ്രസാദ്, കെ. രാധാകൃഷ്ണൻ , പി. രാജീവ്, സജി ചെറിയാൻ, വി. ശിവൻ കുട്ടി, വി. എൻ. വാസവൻ, വീണ ജോർജ്ജ് എന്നിവർ  സത്യപ്രതിജ്ഞ ചെയ്തു.

റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻ കുട്ടി, ആന്റണി രാജു, വി അബ്ദുറഹിമാൻ, വീണ ജോർജ്ജ് എന്നിവർ ദൈവനാമത്തിലും അഹമ്മദ് ദേവർകോവിൽ അല്ലാഹുവിന്റെ നാമത്തിലും മറ്റുള്ളവർ സഗൗരവ പ്രതിജ്ഞയുമാണ് ചെയ്തത്. എല്ലാ കോവിഡ് പ്രോട്ടോക്കോളുകളും പാലിച്ചു കൊണ്ട് അഞ്ഞൂറോളം പ്രത്യേക ക്ഷണിതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

സംസ്ഥാനത്ത് ലോക്ക് ഡൗൺ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ നില നിൽക്കുന്നതിനിടെ വലിയ രീതിയിൽ ചടങ്ങ് സംഘടിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം വിട്ടുനിന്ന ചടങ്ങ് വിവിധ ദൃശ്യ സാമൂഹ്യ മാധ്യമങ്ങളിലൂടെ ലക്ഷക്കണക്കിന് പേരാണ് തത്സമയം വീക്ഷിച്ചത്.

ഇന്ന് വൈകുന്നേരം ആദ്യ മന്ത്രി സഭാ സമ്മേളനം ചേരും. വൻവിജയവും ഭരണത്തുടർച്ചയും നൽകിയ ജനങ്ങൾ പുതിയ സർക്കാരിന്റെ ആദ്യ പ്രഖ്യാപനങ്ങൾക്കായി കാത്തിരിക്കുകയാണ്.

spot_img

Related Articles

Latest news