സെന്‍ട്രല്‍ വിസ്തയ്ക്കായി പുതിയ പോര്‍ട്ടലും; വിമര്‍ശനങ്ങള്‍ മുഖവിലയ്‌ക്കെടുക്കാതെ കേന്ദ്രം

പ്രതിപക്ഷ പാര്‍ട്ടികളുടെയക്കം ശക്തമായ വിമര്‍ശനം തുടരുന്നതിനിടെ സെന്‍ട്രല്‍ വിസ്ത പദ്ധതിക്കായി പ്രത്യേക പോര്‍ട്ടല്‍ ആരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. കോവിഡ് പ്രതിരോധത്തിനിടെ കോടികള്‍ ചെലവിട്ടും ത്വരിതവേഗത്തിലും നടക്കുന്ന സെന്‍ട്രല്‍ വിസ്ത പുനര്‍വികസന പദ്ധതിക്കെതിരെ സമൂഹത്തിന്റെ പലകോണുകളില്‍നിന്നും വന്‍ വിമര്‍ശനമാണ് ഉയരുന്നത്. ഇതിനിടെയാണ് പദ്ധതിയുടെ വിശദവിവരങ്ങള്‍ നല്‍കാനായി പ്രത്യേക പോര്‍ട്ടല്‍ ആരംഭിക്കുന്നത്.

ഭവന, ഗ്രാമീണ വികസന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കി നിര്‍മാണത്തില്‍ സുതാര്യത നിലനിര്‍ത്താനാണ് പോര്‍ട്ടല്‍ ആരംഭിക്കുന്നതെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം. എല്ലാ വിവരങ്ങളും പോര്‍ട്ടലില്‍ ലഭിക്കുന്നതോടെ സാധാരണക്കാരുടെ സംശയങ്ങള്‍ ദൂരീകരിക്കാനാകുമെന്ന് മന്ത്രാലയം വിശദീകരിക്കുന്നു.

ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ക്ക് പുതിയ വസതികള്‍, പുതിയ പാര്‍ലമെന്റ് കെട്ടിടം, പാര്‍ലമെന്റ് അംഗങ്ങളുടെ കാര്യാലയങ്ങള്‍, പുതിയ 10 കെട്ടിടങ്ങള്‍ അടങ്ങുന്ന പൊതുസെക്രട്ടറിയേറ്റ് അടങ്ങുന്നതാണ് സെന്‍ട്രല്‍ വിസ്ത പുനര്‍വികസന പദ്ധതി.

ഇതിന്റെ ഭാഗമായി നിരവധി ചരിത്ര നിര്‍മിതികളും കേന്ദ്രങ്ങളും പൊളിക്കുന്നുമുണ്ട്. മൊത്തം 23,000 കോടി രൂപ ചെലവ് കണക്കാക്കുന്ന നിര്‍മാണ പ്രവൃത്തികള്‍ 2024ഓടെ പൂര്‍ത്തിയാക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. നിര്‍മാണത്തിന്റെ കാലാവധി പിന്നീട് 2026ലേക്ക് നീട്ടിയിട്ടുണ്ട്.

spot_img

Related Articles

Latest news