ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗമാണ് ഇന്ത്യയില്‍. ഓരോ ദിവസം കഴിയുന്തോറും കോവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. ചുരുങ്ങിയ സമയത്തിനുള്ളിലാണ് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നത്.
ഏപ്രില്‍ ആറാം തിയതി ചൊവ്വാഴ്ച മാത്രം ഇന്ത്യയില്‍ റെക്കോഡ് വര്‍ദ്ധനവാണ് കോവിഡ് കേസുകളില്‍ ഉണ്ടായത്. ഒറ്റ ദിവസം കൊണ്ട് മാത്രം 1,15,736 പേര്‍ക്കാണ് ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചത്മഹാമാരിയെ നിയന്ത്രിക്കാന്‍ അടുത്ത നാല് ആഴ്ച നിര്‍ണായകമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ്
നല്‍കിയിട്ടുണ്ട്.
കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തില്‍ പുതിയ ചില ലക്ഷണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. രോഗലക്ഷണങ്ങളുടെ ഒരു പുതിയ പട്ടിക വിദഗ്ദര്‍ പുറത്തിറക്കിയിട്ടുണ്ട്. സാധാരാണ കോവിഡ് 19ന്റെ ലക്ഷണങ്ങളായി കണക്കാക്കുന്നത് പനി, ശരീരവേദന, രുചിയും മണവും നഷ്ടപ്പെടല്‍, ശ്വസന സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയാണ്. എന്നാല്‍, കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ചെങ്കണ്ണ്, ദഹന സംബന്ധമായ പ്രശ്നങ്ങള്‍, കേള്‍വിക്കുറവ് എന്നിവയെ നിസ്സാരമായി കാണരുതെന്നാണ് നിര്‍ദ്ദേശം.
ദഹനനാള സംബന്ധമായ ലക്ഷണങ്ങള്‍
കൊറോണ വൈറസ് അണുബാധ ശ്വസന വ്യവസ്ഥയെ ബാധിക്കുന്നു. പുതിയ പഠനം അനുസരിച്ച് വയറിളക്കം, ഛര്‍ദ്ദി, വയറു വേദന, ഓക്കാനം, വേദന എന്നിവ കൊറോണ വൈറസിന്റെ ലക്ഷണങ്ങളാണ്. ദഹനസംബന്ധമായ എന്തെങ്കിലും പ്രശ്നങ്ങളെ നിങ്ങള്‍ അഭിമുഖീകരിക്കുകയാണെങ്കില്‍ അതിനെ നിസ്സാരമായി കാണരുത്. സ്വയം പരിശോധനയ്ക്ക് വിധേയമാകുകയും ആവശ്യമായ ചികിത്സ സ്വീകരിക്കേണ്ടതുമാണ്.
ചെങ്കണ്ണ്
ചൈനീസ് പഠനമനുസരിച്ച് കൊറോണ വൈറസ് അണുബാധയുടെ ഒരു ലക്ഷണമാണ് ചെങ്കണ്ണും. ചെങ്കണ്ണ് ഉള്ളവരില്‍ കണ്ണില്‍ ചുവപ്പ്, നീര്‍വീക്കം, എന്നിവ കാണാവുന്നതാണ്. കൊറോണ വൈറസ് ബാധിച്ചവരില്‍ നടത്തിയ പരിശോധനയില്‍ 12 പേര് ഈ ലക്ഷണങ്ങള്‍ കാണിച്ചിട്ടുണ്ട്.
കേള്‍വിക്കുറവ്
സമീപകാലത്ത് എന്തെങ്കിലും തരത്തിലുള്ള കേള്‍വി പ്രശ്നങ്ങള്‍ നിങ്ങള്‍ അഭിമുഖീകരിച്ചിട്ടുണ്ടെങ്കില്‍ അത് കൊറോണ വൈറസിന്റെ ലക്ഷണമാകാമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ഓഡിയോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ COVID-19 അണുബാധ ശ്രവണ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് പറഞ്ഞു. COVID-19 ഉം ഓഡിറ്ററി, വെസ്റ്റിബുലാര്‍ പ്രശ്നങ്ങളും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന 56 പഠനങ്ങള്‍ ഗവേഷകര്‍ കണ്ടെത്തി.
മേല്‍പ്പറഞ്ഞ ലക്ഷണങ്ങളില്‍ ഏതെങ്കിലും ഒന്ന് ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ ഉടന്‍ തന്നെ അടിയന്തിരമായി ചികിത്സ തേടേണ്ടതാണ്.