സെക്രട്ടറിയേറ്റില്‍ ജീവനക്കാര്‍ക്കായി പുതിയ പഞ്ചിംഗ് സംവിധാനം ഒരുങ്ങുന്നു. പഞ്ച് ചെയ്ത് മുങ്ങുന്ന ജീവനക്കാരെ കണ്ടെത്തുന്നതിനായാണ് ആധുനിക സംവിധാനം.
നിശ്ചിത സമയത്തിനപ്പുറം സീറ്റില്‍ നിന്ന് മാറിയാല്‍ അവധിയായി കണക്കാക്കും വിധമാണ് പുതിയ അക്സസ് കണ്ട്രോള് സിസ്റ്റത്തിന്റെ പ്രവര്‍ത്തനം.
സെക്രട്ടറിയേറ്റിലെത്തി പഞ്ച് ചെയ്ത ശേഷം സ്ഥലം കാലിയാക്കുന്ന ജീവനക്കാരെ പിടികൂടുന്നതിനായാണ് പുതിയ പഞ്ചിംഗ് സംവിധാനത്തിലേക്ക് സര്‍ക്കാര്‍ നീങ്ങുന്നത്. സെന്‍സര്‍ ഘടിപ്പിച്ച വാതിലിലൂടെയാകും ജീവനക്കാര്‍ക്ക് വിവിധ വകുപ്പുകളിലെ ഓഫീസുകളിലേക്ക് പ്രവേശനം. ഇതേ സമയം തന്നെ അറ്റെന്‍ഡെസും രേഖപ്പെടുത്തും. ഓരോ തവണ പുറത്ത് പോകുമ്പോഴും തിരിച്ചു വരാനെടുക്കുന്ന സമയം അടക്കം സിസ്റ്റത്തില്‍ കൃത്യമായി രേഖപ്പെടുത്തും. എന്നാല്‍ നിശ്ചിത സമയത്തിനപ്പുറം ഓഫിസിന് പുറത്ത് കറങ്ങി നടന്നാല്‍ അവധിയായി കണക്കാക്കും.
ശമ്പള സോഫ്റ്റ് വെയറായ സ്പാര്‍ക്കിലൂടെയാണ് അവധി വിവരങ്ങള്‍ രേഖപ്പെടുത്തുന്നത്. അതുകൊണ്ട് തന്നെ ബാഹ്യ ഇടപെടല്‍ നടത്താനും സാധിക്കില്ല. രണ്ട് കോടിയോളം ചിലവിലാണ് ഇതിനായുള്ള ഉപകരണങ്ങള്‍ സര്‍ക്കാര്‍ വാങ്ങുന്നത്. സെക്രട്ടറിയേറ്റില്‍ ഏര്‍പ്പെടുത്തുന്ന പുതിയ അക്സസ് സിസ്റ്റം എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലുമെത്തിക്കാനും സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നുണ്ട്. അതേസമയം പുതിയ നിയന്ത്രണങ്ങള്‍ക്കെതിരെ വിവിധ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.