തലശ്ശേരി നഗരത്തിന്റെ തീരാതലവേദനയായ മാലിന്യ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമൊരുങ്ങുന്നു. ഞായറാഴ്ച മുതൽ അജൈവ മാലിന്യ ശേഖരണത്തിന് പുതിയ ഒരു സംവിധാനം കൂടി നടപ്പാക്കുമെന്ന് ചെയർപേഴ്സൺ കെ.എം.ജമുനാ റാണിയും വൈസ് ചെയർമാൻ വാഴയിൽ ശശിയും വാർത്താ സമ്മേളനത്തിൽ അറിയിച്ചു .
എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്ന ലക്ഷ്യത്തിനായി നഗരസഭയും നിർമ്മൽ ഭാരത് സൊസൈറ്റി തളിപറമ്പുമായി സംയോജിച്ചാണ് പദ്ധതി പ്രാവർത്തികമാക്കുന്നത് . നഗരസഭയിലെ വീടുകൾ , കച്ചവട സ്ഥാപനങ്ങൾ , എന്നിവിടങ്ങളിൽ നിന്ന് ഹരിത കർമ്മ സേനാംഗങ്ങൾ വഴി ബാഗ് , റെക്സിൻ , തുണി , ഇ വേസ്റ്റ് , കുപ്പിച്ചില്ലുകൾ , തെർമോക്കോൾ ഉൾപെടെയുള്ള മാലിന്യങ്ങൾ യൂസർ ഫീ ഈടാക്കി ശേഖരിക്കും .
കൃത്യമായ ഇടപെടലുകളിലൂടെ നഗരസഭയെ ക്ലീൻ സിറ്റി ഗ്രീൻ സിറ്റിയാക്കി മാറ്റാനാണ് തീരുമാനം , പുതിയ കൗൺസിൽ ചുമതലയേറ്റശേഷം പ്രഖ്യാപിച്ച നഗര സൗന്ദര്യവൽക്കരണത്തിന്റെ ഒന്നാം ഘട്ടം പഴയ ബസ്സ് സ്റ്റാന്റിൽ നിന്ന് തുടങ്ങുമെന്ന് വ്യക്തമാക്കി. ഇത് എങ്ങിനെ പ്രാവർത്തികമാക്കണമെന്നതിന് തലശ്ശേരി ഗവ: എഞ്ചിനിയറിങ് കോളേജിലെ വിദഗ്ദ സംഘം പാനം നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
പൈതൃക ടൂറിസം പദ്ധതിയിൽ പാർക്കുകളും നവീകരിക്കും. നഗരത്തിൽ പ്രവർത്തിക്കാതെ കിടക്കുന്ന സി.സി.ടി.വി.ക്യാമറകൾ മാറ്റി സ്ഥാപിക്കും . നഗരസഭാ യോഗത്തിന്റെ അറിയിപ്പുകൾ അജണ്ട ഉൾപെടെ മാധ്യമങ്ങൾക്ക് നൽകുന്ന കാര്യം പരിഗണിക്കും.
കൗൺസിലർമാരായ ടി.കെ.സാഹിറ , സി.സോമൻ , സി.ഗോപാലൻ , അഡ്വ.ശ്രീശൻ , എൻ മോഹനൻ , കെ.പി.അൻസാരി , വി.ബി.ഷംസുദ്ദീൻ , സിക്രട്ടറി ആർ . പ്രദീപ് കുമാർ , ഹെൽത്ത് സൂപ്പർവൈസർ കെ . പ്രമോദ് , നിർമ്മൽ ഭാരത് സൊസൈറ്റി പ്രതിനിധി ഫഹദ് എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.