മലപ്പുറം: നിറത്തിന്റെ പേരില്‍ ഭർത്താവ് തുടർച്ചയായി നടത്തിയ അവഹേളനം സഹിക്കവയ്യാതെ മലപ്പുറത്ത് നവവധു ആത്മഹത്യ ചെയ്തു.കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസ് (19) ആണ് മരിച്ചത്.രാവിലെ പത്ത് മണിയോടെയാണ് മുംതാസിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുംതാസിന് നിറം കുറവാണെന്നും ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലെന്നും പറഞ്ഞ് ഭർത്താവ് നിരന്തരം മാനസികമായി ഉപദ്രവിച്ചെന്നാണ് ഷഹാനയുടെ കുടുംബം പരാതിയില്‍ പറയുന്നത്.
വിവാഹബന്ധം വേർപ്പെടുത്താൻ ഷഹാനയെ നിർബന്ധിച്ചിരുന്നെന്നും പരാതിയില്‍ പറയുന്നു. ഭർത്താവ് മൊറയൂർ സ്വദേശി അബ്ദുല്‍ വാഹിദിനും മാതാപിതാക്കള്‍ക്കും എതിരെയാണ് പരാതി. 2024 മെയ് 27ന് ആയിരുന്നു ഇരുവരുടെയും വിവാഹം. കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. വിവാഹം കഴിഞ്ഞ ശേഷം 20 ദിവസമാണ് ഇരുവരും ഒന്നിച്ച് കഴിഞ്ഞത്. ശേഷം ഭർത്താവ് ഗള്‍ഫില്‍ തിരിച്ച് പോയി.അവിടെ പോയശേഷം നിരന്തരം പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് വിവാഹമോചനം ആവശ്യപ്പെട്ടിരുന്നു. ബിരുദ വിദ്യാർത്ഥിനിയാണ് ഷഹാന. ഭർത്താവിനും മാതാപിതാക്കള്‍ക്കും എതിരായ കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.