അവശ്യ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ തിരഞ്ഞെടുത്ത 1000 റേഷന്‍ കടകള്‍ കെ സ്റ്റോറുകളാക്കി മാറ്റുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര് അനില്‍ പറഞ്ഞു.
ഗ്രാമപ്രദേശങ്ങളിലെ ഒറ്റപ്പെട്ടു കിടക്കുന്ന റേഷന്‍ കടകള്‍ നവീകരിച്ച് സപ്ലൈകോ ഔട്ട്ലെറ്റ്, മില്‍മ ബൂത്ത്, സേവന കേന്ദ്രം, മിനി എ ടി എം എന്നിവയുള്‍പ്പെടുത്തിയാണ് കെ സ്റ്റോറുകള്‍ക്ക് രൂപം നല്‍കുക. ഇത്തരം സംവിധാനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഏറ്റവും അടുത്ത പ്രദേശത്ത് തന്നെ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും ഇതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു. പൊതുവിതരണ വകുപ്പ് വജ്ര ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനവും വകുപ്പ് രൂപം കൊണ്ട മെയ് 28 സിവില്‍ സപ്ലൈസ് ദിനമായി ആചരിക്കുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് ഉടമകളില്‍ 99.14 ശതമാനം പേരും കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചത് നേട്ടമാണ്. ഇതുവഴി അനര്‍ഹമായി റേഷന്‍ കാര്‍ഡ് കൈവശം വെയ്ക്കുന്നവരെ കണ്ടെത്താനായെന്നും മന്ത്രി പറഞ്ഞു. കുറഞ്ഞ കാലയളവിനിടെ അനര്‍ഹരില്‍ നിന്ന് മുന്‍ഗണനാ കാര്‍ഡുകള്‍ തിരിച്ചു പിടിക്കാനും അര്‍ഹരായവര്‍ക്ക് നല്‍കാനും സാധിച്ചു. ദിവസവും ആയിരക്കണക്കിന് അപേക്ഷകള്‍ ലഭിക്കുന്ന വകുപ്പിന്റെ പ്രവര്‍ത്തനം മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന് വകുപ്പിലെ ജീവനക്കാരുടെ പങ്ക് വിലയേറിയതാണെന്ന് മന്ത്രി പറഞ്ഞു.
Mediawings: