പാലക്കാട്: വ്യാജ പരസ്യങ്ങളില്‍ വീഴുന്നവരല്ല പാലക്കാട്ടെ വോട്ടർമാരെന്ന് വി കെ ശ്രീകണ്ഠൻ എംപി. ജനം പുച്ഛിച്ചു തള്ളുമെന്ന് പറഞ്ഞ എംപി സന്ദീപ് ആർഎസ്‌എസ് പശ്ചാത്തലമുള്ള ആളാണെന്ന് അറിയാത്തവർ ആരാണുള്ളതെന്നും ചോദിച്ചു.വർഗീയ വിഷം തുപ്പുന്ന പരസ്യം എവിടെ വന്നാലും വോട്ടർമാർ പുച്ഛിച്ചു തള്ളും. സന്ദീപ് കൊലക്കേസ് പ്രതിയല്ലെന്നും വികെ ശ്രീകണ്ഠൻ ചൂണ്ടിക്കാട്ടി.
ഒകെ വാസു ഉള്‍പ്പടെ ഉള്ളവർ സിപിഎമ്മിലേക്ക് ചേർന്നത് ബിജെപിയില്‍ നിന്നാണ്. സിപിഎം തല മറന്ന് എണ്ണ തേയ്ക്കുന്നുവെന്നും ശ്രീകണ്ഠൻ കുറ്റപ്പെടുത്തി. സിപിഎമ്മും ബിജെപിയും ഉയർത്തികൊണ്ട് വന്ന വിവാദങ്ങള്‍ നീർകുമിള പോലെ പൊട്ടിപ്പോയി. വർഗീയ വിഷം തുപ്പുന്ന പരസ്യം എവിടെ വന്നാലും പരമ പുച്ഛത്തോടെ തള്ളിക്കളയുന്ന വോട്ടർമാരാണ് പാലക്കാട്. അവസാനത്തെ ബോംബ് സ്വന്തം പാളയത്തില്‍ പൊട്ടി ആളപായമുണ്ടാകുമെന്നല്ലാതെ യുഡിഎഫിനെ ഒരു പോറല്‍ പോലും ഏല്‍പിക്കാനാകില്ല.
സന്ദീപിന്റെ നിലപാട് എല്ലാവർക്കും അറിയാം. സന്ദീപ് രഹസ്യമായി തലയില്‍ മുണ്ടിട്ടു വന്നതല്ല. സീറ്റ് കിട്ടാത്തതിന് തലയില്‍ മുണ്ടിട്ടു പോയ സരിനെ പോലെയല്ല സന്ദീപ് വന്നത്. സീറ്റ് കിട്ടാതെ പിണങ്ങി പോന്നതല്ല. ബിജെപിയെ തള്ളിപ്പറഞ്ഞ് വന്നതാണ്. ബിജെപിക്ക് ഒപ്പം ചേർന്ന് വിദ്വേഷം പരത്തുകയാണെങ്കില്‍ വലിയ വില ബിജെപിയും സിപിഎമ്മും പാലക്കാട്ട് ഉപതെരഞ്ഞെടുപ്പില്‍ നല്‍കേണ്ടി വരുമെന്നും വികെ ശ്രീകണ്ഠൻ എംപി ചൂണ്ടിക്കാട്ടി.