തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ബിജെപി പ്രവർത്തകർ സ്ഥാപിച്ച ദേശീയ പതാക പിഴുതെറിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. നെയ്യാറ്റിൻകര കോട്ടുകാലിന് സമീപം ബിജെപി പ്രവർത്തകർ സ്ഥാപിച്ച ദേശീയ പതാകയാണ് പിഴുതെറിഞ്ഞത്.
ശനിയാഴ്ച രാവിലെ ആയിരുന്നു സംഭവം. ആക്രമണം നടത്തിയ കോട്ടക്കൽ വലിയവിള സ്വദേശി അഗസ്റ്റിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തൻറെ സ്ഥാപനത്തിൻറെ മുന്നിൽ പതാക സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന വാദവുമായി അഗസ്റ്റിൻ രംഗത്തെത്തുകയായിരുന്നു. കോട്ടക്കലിൽ പഴം പച്ചക്കറി വ്യാപാരം നടത്തുന്ന ആളാണ് അഗസ്റ്റിൻ. ബിജെപി പ്രവർത്തകർ പതാക ഉയർത്തുന്ന സമയത്ത് പഞ്ഞെത്തിയ അഗസ്റ്റിൻ പതാക അടങ്ങിയ സ്തംഭത്തെ വലിച്ചെറിയുകയായിരുന്നു. നിലവിൽ മാരായമുട്ടം പോലീസിന്റെ കസ്റ്റഡിയിലാണ് അഗസ്റ്റിൻ.
അതേസമയം 75-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്താനുള്ള ഹര്‍ ഘര്‍ തിരംഗ ക്യാംപെയിന് തുടക്കമായി. 13-ാം തീയതി മുതല്‍ സ്വാതന്ത്ര്യദിനം വരെ പതാക ഉയര്‍ത്താനാണ് ആഹ്വാനം. ആഹ്വാനം ഏറ്റെടുത്ത് കേന്ദ്രമന്ത്രിമാര്‍, സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വീടുകളില്‍ പതാക ഉയര്‍ത്തി. വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്ഥാപനങ്ങളിലുമെല്ലാം പതാക ഉയര്‍ന്നു. ഇരുപത് കോടി ദേശീയ പതാകകളാണ് ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമായി വിതരണം ചെയ്തത്.