ന്യൂദല്‍ഹി: കോവിഡ് രോഗികളുടെ ബന്ധുക്കളെ റെംഡെസിവിര്‍ ഇന്‍ജക്ഷന്‍ നല്‍കാമെന്ന് പറഞ്ഞ് കബളിപ്പിച്ച് പണം തട്ടിയ നൈജീരിയന്‍ പൗരനെ ദ ല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു.
41 കാരനായ ചിബുക്കണ്‍ പി ഡാനിയേല്‍ എന്നയാളാണ് 50,500 രൂപ സഹിതം പിടിയിലായത്. റെംഡെസിവിറിന്റെ വില്‍പനക്കാരനെന്ന നിലയില്‍ ബന്ധപ്പെടാനുള്ള നമ്പര്‍ ഫേസ്ബുക്കിലും മറ്റ് സോഷ്യല്‍ മീഡിയ സൈറ്റുകളിലും നല്‍കുകയായിരുന്നു. വിളിക്കുകയും സന്ദേശമയക്കുകയും ചെയ്തിവരോട് മുന്‍കൂര്‍ പണം ആവശ്യപ്പെട്ടുവെന്നും പോലീസ് പറഞ്ഞു. എന്നാല്‍ അഡ്വാന്‍സ് തുക ലഭിച്ച ശേഷം പ്രതി ഇരകളുമായി ആശയവിനിമയം നിര്‍ത്തി.
രണ്ട് ലാപ്‌ടോപ്പുകള്‍, 33 മൊബൈല്‍ ഫോണുകള്‍, നിരവധി സിം കാര്‍ഡുകള്‍, എടിഎം കാര്‍ഡുകള്‍ എന്നിവയും പോലീസ് കണ്ടെടുത്തു.
നൂറിലധികം പേര്‍ക്ക് സമ്മാനങ്ങള്‍ അയച്ചതായി വിശ്വസിപ്പിച്ച് വിമാനത്താവളത്തില്‍ കസ്റ്റംസ് ക്ലിയറന്‍സ് ഫീസായി പണം വാങ്ങിയ സംഭവത്തിലും പ്രതിക്ക് പങ്കുണ്ടെന്ന് പോലീസ് പറഞ്ഞു.
മോസിന്‍ ഖാന്‍ എന്നയാള്‍ ബുധനാഴ്ച മോഹന്‍ ഗാര്‍ഡന്‍ പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. ഖാനില്‍നിന്ന് പ്രതി 10,000 രൂപയാണ് തട്ടിയെടുത്തത്.
ബന്ധുവിന് അടിയന്തിരമായി മൂന്ന് റെംഡെസിവിര്‍ ഇന്‍ജക്ഷന്‍ ആവശ്യമായതിനെ തുടര്‍ന്നാണ് പ്രതിയുമായി ബന്ധപ്പെട്ടത്. ആശുപത്രിയില്‍ നിന്നും അടുത്തുള്ള ഫാര്‍മസികളില്‍ നിന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ കണ്ട മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടുകയായിരുന്നു. 10,000 രൂപ അഡ്വാന്‍സ് പേയ്‌മെന്റ് ട്രാന്‍സ്ഫര്‍ ചെയ്തതിനു ശേഷം പ്രതിയുടെ വിവരം ഇല്ലാതായെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് സൈബല്‍ സെല്ലിനു കൈമാറി. ഖാന്‍ നല്‍കിയ മൊബൈല്‍ നമ്പറിന്റെ വിശദാംശങ്ങളും കോള്‍ വിശദാംശങ്ങളും ദ്വാരക സൈബര്‍ സെല്‍ ടീം വിശകലനം ചെയ്തു.
ബുധനാഴ്ച പോലീസ് ഡാനിയേലിന്റെ സ്ഥലം കണ്ടെത്തി സൗത്ത് ദല്‍ഹിയിലെ ഖാന്‍പൂരില്‍ നിന്നാണ് പിടികൂടിയത്. ചോദ്യം ചെയ്യലിനിടെ പ്രതി കുറ്റം സമ്മതിക്കുകയും ഫേസ്ബുക്കില്‍ സജീവമാണെന്നും ഗിഫ്റ്റ് പാര്‍സലുകളുടെ പേരില്‍ ആളുകളെ കബളിപ്പിച്ചിട്ടിണ്ടെന്നും സമ്മതിച്ചു.
ഇതേ രീതി ഉപയോഗിച്ച് നൂറിലധികം പേരെ പ്രതി കബളിപ്പിച്ചതായി അന്വേഷണത്തില്‍ സ്ഥിരീകരിച്ചതായി ദ്വാരക ഡിസിപി സന്തോഷ് കുമാര്‍ മീണ പറഞ്ഞു.
ഇന്ത്യയിലുടനീളമുള്ള ഇത്തരംകേസുകളില്‍ പ്രതിക്ക് പങ്കുണ്ടെന്നാണ് കരുതുന്നത്. കൂടുതല്‍ കേസുകള്‍ ബന്ധിപ്പിക്കാനും ഇരകളെ കണ്ടെത്താനും അന്വേഷണം ആരംഭിച്ചതായി ഡിസിപി പറഞ്ഞു.