നിളാ ഹെറിറ്റേജ് മ്യൂസിയം; നാല് കോടി അനുവദിച്ചു

 

നിളാ ഹെറിറ്റേജ് മ്യൂസിയത്തിന്റെ അവസാനഘട്ട ലാന്ഡ് സ്‌കേപ്പിങ് അടക്കമുള്ള പ്രവൃത്തികള്ക്ക് നാല് കോടി രൂപ അനുവദിച്ച് ഭരണാനുമതിയായി. ക്യൂറേഷന് പ്രവൃത്തികള് അവസാന ഘട്ടത്തിലായ നിള സംഗ്രഹാലയത്തിന്റെ ക്യാമ്പസ് പ്രവൃത്തികളും ലാന്ഡ് സ്‌കേപ്പിങും അടങ്ങിയ ഡി.പി.ആര് തിരുവനന്തപുരത്ത് ചേര്ന്ന ടൂറിസം വര്ക്കിങ് ഗ്രൂപ്പിലാണ് നാല് കോടിയുടെ അംഗീകാരം ലഭിച്ചത്. ഇതോടെ കര്മ്മ പുഴയോരപാത മുതല് നിള മ്യൂസിയം വരെ ലാന്ഡ് സ്‌കേപ്പ് ചെയ്ത ക്യാമ്പസും മതിലും കവാടവും ഒരുക്കും. മുറ്റത്ത് ഓപ്പണ് ഓഡിറ്റോറിയവും ഖവ്വാലി പാര്ക്കും മ്യൂസിയത്തിന്റെ പിന് ഭാഗം ഉള്പ്പെടെ മുഴുവന് ഭാഗവും ഉപയോഗിക്കുന്ന തരത്തിലാണ് ക്യാമ്പസ് രൂപകല്പന ചെയ്തിട്ടുള്ളത്. ക്യാമ്പസിന്റെ ഒരു ഭാഗത്ത് സ്വാഭാവിക വനം രൂപപ്പെടുത്തുന്ന ‘മിയാവാക്കി ഫോറസ്റ്റും’ ക്രമീകരിക്കും. മ്യൂസിയം 2020 മാര്ച്ചിന് മുമ്പ് തുറക്കാനുള്ള പരിശ്രമത്തിലാണ് ടൂറിസം വകുപ്പും പദ്ധതി ഏറ്റെടുത്തു നടത്തുന്ന ഊരാളുങ്കല് ലേബര് കോണ്ട്രാക്ടേഴ്‌സ് സൊസൈറ്റിയും. കേരളത്തിലെ തന്നെ ഏറ്റവും വലുതും ബൃഹത്തായതുമായ റിവര് മ്യൂസിയമാണ് നിള നദിക്കരയില് ഒരുങ്ങുന്നത്.
നിളയുടെ സംസ്‌കാരത്തെയും സാഹിത്യ -സംസ്‌കാരിക ഇടങ്ങളെയും പുതു തലമുറയ്ക്ക് പകര്ന്ന് നല്കുന്നതിനാണ് സ്പീക്കര് പി. ശ്രീരാമകൃഷ്ണന്റെ നേതൃത്വത്തില് മ്യൂസിയം ഒരുങ്ങുന്നത്. ഉത്ഭവം തൊട്ട് കടലില് ഒഴുകിയെത്തുന്നതു വരെയുള്ള നിള നദിയുടെ യാത്ര, നദീതട സാംസ്‌കാരിക അനുഭവങ്ങള്, നിളയുടെ തീരത്തെ നവോത്ഥാനവും ദേശീയ പ്രസ്ഥാന പോരാട്ടങ്ങളും, രാഷ്ട്രീയ മുന്നേറ്റം, ശാസ്ത്രം, മിത്തുകള് എന്നിവയാണ് മ്യൂസിയത്തിനുള്ളിലെ കാഴ്ച്ചകള്.
വിവിധ രാജ്യങ്ങളിലേക്കുള്ള സുഗന്ധവ്യഞ്ജനങ്ങള് സൂക്ഷിച്ചിരുന്ന പൊന്നാനിയിലെ പാണ്ടികശാലയാണ് മ്യൂസിയത്തിലെ ആദ്യ കാഴ്ച. ഇടശ്ശേരിയുടെ പൂതപ്പാട്ട്, പറയിപെറ്റ പന്തിരുകുലം എന്നിവയുടെ ചിത്രാവിഷ്‌കാരവും എഴുത്തച്ഛന്, സൈനുദ്ധീന് മഖ്ദൂം, പൂന്താനം എന്നിവരുടെ സ്മരണയും ഇടശ്ശേരി, ഉറൂബ്, എം.ടി, എം. ഗോവിന്ദന്, അക്കിത്തം എന്നിവരുടെ സാഹിത്യ സംഭാവനകളും മ്യൂസിയത്തിലെ കാഴ്ചകളാണ്. ഇ.എം.എസ് നമ്പൂതിരിപ്പാടിനെയും മ്യൂസിയത്തില് അടയാളപ്പെടുത്തുന്നുണ്ട്. പൊന്നാനിയിലെ ബീഡി തൊഴിലാളി സമരം, സാമൂതിരി, വാസ്‌കോഡ ഗാമ എന്നിവരുടെ വരവ്, നിളാതീരത്തെ മാധവജ്യോതിഷം, തിരുന്നാവായ മാമാങ്കം, സര്വോദയ മേള, നാവിക ബന്ധങ്ങള്, കടല് പാട്ടുകള്, പൊന്നാനിയുടെ സംഗീത പാരമ്പര്യം തുടങ്ങിയ സമഗ്രമായ ചരിത്രവും സംസ്‌കാരവും ഇവിടെ അടയാളപ്പെടുത്തുകയാണ്. ഗവേഷണത്തിന് കൂടി പ്രാധാന്യം നല്കിയാണ് മ്യൂസിയം ഒരുക്കുന്നത്. ഡിജിറ്റല് വിവരണങ്ങളും, വീഡിയോ വിവരണങ്ങളും തലക്കെട്ടുകളോടും കൂടിയാണ് എല്ലാ കാഴ്ചകളും.
ഡിജിറ്റല് ലൈബ്രറിയും ചര്ച്ചകള്ക്കായി വിവിധ ഇടങ്ങളും പരിപാടികള് അവതരിപ്പിക്കാനായി സ്റ്റേജും മറ്റു സംവിധാനങ്ങള് അടങ്ങിയ ഹാളും മ്യൂസിയത്തില് സജ്ജമാക്കിയിട്ടുണ്ട്. രണ്ടേക്കറില് 17,000 ചതുരശ്ര അടിയില് ഒരുങ്ങുന്ന മ്യൂസിയം ഭിന്നശേഷി സൗഹൃദവും കാഴ്ചാ പരിമിതര്ക്കും ആസ്വദിക്കാന് പറ്റുന്ന തരത്തിലുമാണ്. രാജ്യത്തെ ആദ്യ ബ്ലൈന്ഡ് ഫ്രീ മ്യൂസിയം കൂടിയാണിത്. കാഴ്ച പരിമിതര്ക്ക് സുഗമമായി നടക്കുന്നതിന് മാര്ഗദര്ശന ടാക്ട് ടൈലും നിലത്ത് പതിച്ചിട്ടുണ്ട്. ഓരോയിടത്തും തയ്യാറാക്കിയ കിയോസ്‌കുകളിലൂടെ കാഴ്ച പരിമിതര്ക്ക് മ്യൂസിയത്തിലെ കാര്യങ്ങള് ഗ്രഹിക്കുവാനും ആസ്വദിക്കുവാനും കഴിയും.
spot_img

Related Articles

Latest news