നിമിഷ പ്രിയയുടെ വധശിക്ഷ ശരിവെച്ചിട്ടില്ല; വാര്‍ത്ത നിഷേധിച്ച്‌ യെമൻ എംബസി

യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ പ്രസിഡന്റ് ശരിവെച്ചെന്ന വാർത്ത നിഷേധിച്ച്‌ യെമൻ എംബസി.ഡല്‍ഹിയിലെ യെമൻ എംബസി പുറത്തിറക്കിയ കുറിപ്പിലാണ് വാർത്ത നിഷേധിച്ചത്. ഇതോടെ നിമിഷ പ്രിയയെ രക്ഷിക്കാമെന്ന പ്രതീക്ഷകള്‍ക്ക് വീണ്ടും ജീവൻ വെച്ചിട്ടുണ്ട്.

യെമന്‍ പ്രസിഡന്റ് റഷദ് അല്‍ അലിമി വധശിക്ഷയ്ക്ക് അംഗീകാരം നല്‍കിയിട്ടില്ല. ഹൂതി സുപ്രീം പൊളിറ്റിക്കല്‍ കൗണ്‍സില്‍ നേതാവ് മെഹ്ദി അല്‍ മഷാദ് ആണ് വധശിക്ഷ അംഗീകരിച്ചതെന്ന് ഡല്‍ഹിയിലെ യെമന്‍ എംബസി വ്യക്തമാക്കി.

മഷാദിനെ വിമത പ്രസിഡന്റ് എന്നാണ് വിശേഷിപ്പിക്കുന്നത്. നിമിഷ പ്രിയ പ്രതിയായ കുറ്റകൃത്യം നടന്നത് ഹൂതി നിയന്ത്രണത്തിലുള്ള വടക്കന്‍ യെമനിലാണ്. നിമിഷ കഴിയുന്ന ജയില്‍ സ്ഥിതി ചെയ്യുന്നത് ഹൂതി നിയന്ത്രണമേഖലയിലാണ്.

2017ല്‍ യെമന്‍ പൗരനായ തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ നിമിഷ പ്രിയയ്ക്ക് വിചാരണ കോടതി വധശിക്ഷ വിധിച്ചിരുന്നു. നിമിഷ പ്രിയയെ രക്ഷിക്കാനുള്ള ഏക മാര്‍ഗം തലാലിന്റെ കുടുംബത്തിന് ദയാധനം നല്‍കുകയായിരുന്നു. തലാലിന്റെ കുടുംബത്തെ നേരില്‍ കണ്ട് മാപ്പപേക്ഷിക്കുന്നതിന് വേണ്ടി നിമിഷ പ്രിയയുടെ മാതാവ് പ്രേമകുമാരി യെമനില്‍ പോയിരുന്നു. തലാലിന്റെ കുടുംബവുമായും ഗോത്രത്തിന്റെ തലവന്മാരുമായും ചര്‍ച്ചകള്‍ നടത്തി. എന്നാല്‍ ഈ ചര്‍ച്ചകള്‍ വഴിമുട്ടി. പ്രേമകുമാരി ഇപ്പോഴും യെമനിലാണ്.

തൊടുപുഴ സ്വദേശി ടോമി തോമസിന്റെ ഭാര്യയാണു നിമിഷ പ്രിയ. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന തലാല്‍ അബ്ദു മഹ്ദി പാസ്പോര്‍ട്ട് പിടിച്ചെടുത്ത് ക്രൂരമായി പീഡിപ്പിച്ചതിനാലാണ് കൊലപാതകം നടത്തിയതെന്നാണ് നിമിഷ പ്രിയയുടെ വാദം.

spot_img

Related Articles

Latest news