സന: നിമിഷപ്രിയയ്‌ക്ക് മാപ്പില്ലെന്ന് കൊല്ലപ്പെട്ട യമൻ പൗരൻ തലാല്‍ അബ്‌ദോ മഹ്‌ദിയുടെ സഹോദരൻ അബ്ദുല്‍ഫത്താ മഹ്ദി.ഒരു ഒത്തുതീർപ്പിനും തയ്യാറല്ലെന്നാണ് കുടുംബത്തിന്റെ പ്രതികരണം. വധശിക്ഷയില്‍ കുറഞ്ഞതൊന്നും അംഗീകരിക്കില്ല. അനുരഞ്ജന ശ്രമങ്ങളെക്കുറിച്ചുള്ള ഞങ്ങളുടെ നിലപാട് വ്യക്തമാണ്. ദൈവത്തിന്റെ നിയമം നടപ്പിലാക്കണമെന്ന് ഞങ്ങള്‍ നിർബന്ധിക്കുന്നുവെന്നും ബിബിസി അറബിക്കിന് തിങ്കളാഴ്‌ച നല്‍കിയ അഭിമുഖത്തില്‍ തലാലിന്റെ സഹോദരൻ പറഞ്ഞു. നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ച വിധി വന്നതിന് മുമ്പായിരുന്നു അബ്ദുല്‍ ഫത്താ മഹ്ദിയുടെ പ്രതികരണം.
‘ക്രൂരവും ഭയാനകവും ഹീനവുമായ കുറ്റകൃത്യമാണ് നടന്നത്. ഈ കേസിന്റെ ഭാഗമായി ഞങ്ങളുടെ കുടുംബം ഏറെ പ്രതിസന്ധികളിലൂടെയാണ് കടന്നുപോയത്. കുറ്റകൃത്യത്തെ ന്യായീകരിക്കുന്നതിനായി സത്യത്തെ വളച്ചൊടിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. പ്രത്യേകിച്ച് കുറ്റവാളിയെ ഇരയായി ചിത്രീകരിക്കുകയാണ് ഇന്ത്യൻ മാദ്ധ്യമങ്ങള്‍.
അതില്‍ ഞങ്ങള്‍ക്ക് ഖേദമുണ്ട്. പൊതുജനാഭിപ്രായത്തെ സ്വാധീനിക്കുകയാണ് അവരുടെ ലക്ഷ്യമെന്ന് ഞങ്ങള്‍ക്ക് വ്യക്തമാണ്. എന്ത് തർക്കമായാലും അതിന്റെ കാരണങ്ങള്‍ എത്ര വലുതായാലും ഒരു കൊലപാതകത്തെ ന്യായീകരിക്കാനാകില്ല. മൃതദേഹം വെട്ടിമുറിക്കുക, വികൃതമാക്കുക, ഒളിപ്പിച്ചുവയ്‌ക്കുക, ഇതിനെക്കുറിച്ചൊന്നും കൂടുതല്‍ പറയണ്ടല്ലോ’ – അബ്ദുല്‍ഫത്താ മഹ്ദി പറഞ്ഞു.
കൊല്ലങ്കോട് സ്വദേശി പ്രേമകുമാരിയുടെ മകളാണു നിമിഷപ്രിയ. യെമൻ പൗരൻ തലാല്‍ അബ്ദുമഹ്ദി 2017 ജൂലൈ 25നാണ് കൊല്ലപ്പെട്ടത്. തലാലിനൊപ്പം ക്ലിനിക് നടത്തിയിരുന്ന നിമിഷപ്രിയ കേസില്‍ അറസ്റ്റിലായി.തലാല്‍ അബ്ദുമഹ്ദിയെ നിമിഷപ്രിയയും കൂട്ടുകാരിയും ചേർന്നു കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചു എന്നതായിരുന്നു കേസ്. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായവാഗ്ദാനവുമായി വന്ന തലാല്‍ പാസ്പോർട്ട് പിടിച്ചെടുത്തു ഭാര്യയാക്കി വയ്ക്കാൻ ശ്രമിച്ചതാണു കൊലപാതകത്തിലേക്കു നയിച്ചതെന്നായിരുന്നു നിമിഷപ്രിയയുടെ വാദം. ക്രൂരമായ പീഡനത്തിനിരയായിരുന്ന നിമിഷ ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന യുവതിയുടെയും മറ്റൊരു യുവാവിന്റെയും നിർദേശപ്രകാരം തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചതു മരണത്തിന് ഇടയാക്കുകയായിരുന്നു. കോടതിയുടെ വധശിക്ഷക്കെതിരെ അപ്പീല്‍ പോയെങ്കിലും വിചാരണക്കോടതിയുടെ ഉത്തരവ് ശരിവെക്കുകയായിരുന്നു.
സൂഫി പണ്ഡിതർ നടത്തിയ മധ്യസ്ഥ ഇടപെടലിനു പിന്നാലെ ദയാധനം സ്വീകരിച്ച് നിമിഷപ്രിയയ്ക്ക് മാപ്പു നല്‍കാൻ തലാലിന്റെ കുടുംബം തയാറായെന്ന് സൂചനയുണ്ടെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുണ്ടായിരുന്നു. കാന്തപുരം എ.പി.അബൂബക്കർ മുസല്യാരുടെ ഇടപെടലിനെ തുടർന്ന് ഇന്ന് നടത്താനിരുന്ന വധശിക്ഷ നീട്ടിവച്ചിരുന്നു.
അതേസമയം, നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചു എന്നകാര്യം ഇന്നലെ പുറത്തുവന്നിരുന്നെങ്കിലും ഇക്കാര്യത്തില്‍ ഒരു പരസ്യ പ്രതികരണത്തിന് കേന്ദ്രം തയ്യാറായില്ല. യമനിലെ സാഹചര്യമാണ് ഇതിന് കാരണം. യമനിലെ സാഹചര്യങ്ങള്‍ സങ്കീർണമാണ്. അനാവശ്യ തർക്കങ്ങള്‍ മോചനത്തിനുള്ള ശ്രമത്തെ ബാധിക്കുമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്.