യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് തടവിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്താൻ കുടുംബത്തിന് മാത്രമാണ് അവകാശമെന്ന് കേന്ദ്രസർക്കാർ. കുടുംബത്തിന് പുറമെ പവർ ഓഫ് അറ്റോർണിക്കും ചർച്ച നടത്താം. ഇവർക്ക് എല്ലാവിധ സഹായവും സർക്കാർ നൽകുന്നുണ്ട്. ഏതെങ്കിലുമൊരു സംഘടന ചർച്ച നടത്തിയാൽ മാറ്റമുണ്ടാകുമെന്ന് കരുതുന്നില്ലെന്ന് അറ്റോർണി ജനറൽ പറഞ്ഞു
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ച കാര്യം അറ്റോർണി ജനറൽ സുപ്രീം കോടതിയെ അറിയിച്ചു. മോചന ചർച്ചകൾ നടക്കുകയാണെന്നും എന്നാൽ മോചനം സാധ്യമാകണമെങ്കിൽ കൊല്ലപ്പെട്ട യെമൻ പൗരൻ തലാലിന്റെ കുടുംബം നിമിഷപ്രിയക്ക് മാപ്പ് നൽകണമെന്ന് സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ ചൂണ്ടിക്കാട്ടി. തലാലിന്റെ കുടുംബവുമായി ചർച്ച നടത്താൻ മധ്യസ്ഥ സംഘത്തെ യെമനിൽ പോകാൻ അനുവദിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
മധ്യസ്ഥ സംഘത്തിലെ രണ്ട് പേർ ആക്ഷൻ കൗൺസിൽ അംഗങ്ങളും രണ്ട് പേർ കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ പ്രതിനിധികളും ആയിരിക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു. എന്നാൽ നിമിഷപ്രിയയുടെ അമ്മ യെമനിലുണ്ടെന്നും തലാലിന്റെ കുടുംബവുമായി ചർച്ച നടത്താൻ അവകാശം നിമിഷപ്രിയയുടെ കുടുംബത്തിന് മാത്രമാണെന്നും കേന്ദ്രം നിലപാടെടുത്തു.