യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പാക്കിയേക്കും.ഉത്തരവില്‍ യെമന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് വിവരം. അതേസമയം വിദേശ കാര്യമന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാനുള്ള തീയതി വന്നതായി യെമനിലെ മനുഷ്യാവകാശ പ്രവർത്തകനായ സാമുവല്‍ ജെറോം ആണ് അറിയിച്ചത്. ഇക്കാര്യം കഴിഞ്ഞ ദിവസം തന്നെ അറിയിച്ചിരുന്നതായി ആക്ഷൻ കൗണ്‍സില്‍ വ്യക്തമാക്കുന്നു. എന്നാല്‍ നിമിഷ പ്രിയയുടെ അമ്മയ്ക്ക് ഇതു സംബന്ധിച്ച വിവരം ഒന്നും തന്നെ ലഭിച്ചിട്ടില്ല.
പാലക്കാട് കൊല്ലങ്കോട് സ്വദേശിയാണ് നിമിഷപ്രിയ. 2017ലാണ് യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. നിമിഷ പ്രിയ തലാലിന്റെ ഭാര്യയാണെന്നതിന് യെമനില്‍ രേഖകളുണ്ട്. എന്നാല്‍ അത് യെമനില്‍ ക്ലിനിക്ക് തുടങ്ങുന്നതിന് ലൈസന്‍സ് സംഘടിപ്പിക്കാന്‍ തയ്യാറാക്കിയ താല്‍ക്കാലിക രേഖയാണെന്നാണ് നിമിഷയുടെ വാദം.
മാത്രവുമല്ല തലാല്‍ തന്നെ ഉപദ്രവിച്ചിരുന്നതായും നിമിഷ വെളിപ്പെടുത്തിയിരുന്നു. ഭാര്യയും കുഞ്ഞുമുള്ള തലാല്‍ തന്നെ ഉപദ്രവിക്കുമായിരുന്നെന്നും ലഹരിമരുന്നിന് അടിമയായ അയാള്‍ക്കും കൂട്ടുകാര്‍ക്കും വഴങ്ങാന്‍ തന്നെ നിര്‍ബന്ധിച്ചിരുന്നതായും നിമിഷ പറയുന്നുണ്ട്. പൊലീസില്‍ പരാതിപ്പെട്ടെങ്കിലും. ജയിലില്‍ നിന്ന് പുറത്തുവന്നതോടെ തലാല്‍ കൂടുതല്‍ ഉപദ്രവകാരിയായി മാറുകയായിരുന്നു.
ഒടുവില്‍ ജീവിന് ഭീഷണിയായതോടെയാണ് തലാലിനെ ഇല്ലാതാക്കിയത്. അനസ്‌തേഷ്യക്കുള്ള മരുന്നു നല്‍കി മയക്കിയെന്നും ഉണരുന്നില്ലെന്നു കണ്ടതോടെ ഒപ്പം ജോലി ചെയ്തിരുന്ന ഹനാനുമായി ചേര്‍ന്നു കൊലപ്പെടുത്തുകയായിരുന്നു എന്നുമാണ് കോടതിയെ അറിയിച്ചത്. തലാലിന്റെ മൃതദേഹം നശിപ്പിക്കാന്‍ വഴികളില്ലാതെ വന്നതോടെ കഷണങ്ങളാക്കി മുറിച്ച് വെള്ളത്തിലൊഴുക്കുകയായിരുന്നു.
പിന്നീട് നിമിഷ ക്ലിനിക്കില്‍ നിന്നു മാറി മറ്റൊരു ആശുപത്രി ജോലിക്കു ചേര്‍ന്നു. അതേ സമയം തലാലിനായി ബന്ധുക്കള്‍ അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി പത്രത്തില്‍ നിമിഷയുടെ ചിത്രം കണ്ട ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കേസ് നടപടികള്‍ ആരംഭിച്ചു.2017 ജൂലൈയിലാണു നിമിഷപ്രിയ അറസ്റ്റിലായത്. 2020ല്‍ വിചാരണക്കോടതി വധശിക്ഷ വിധിച്ചു.
കീഴ്കോടതിയാണ് നിമിഷയ്ക്ക് വധശിക്ഷ വിധിച്ചത്. കൊലപാതകത്തിന് നിമിഷയെ സഹായിച്ച യെമന്‍ സ്വദേശിയായ നഴ്‌സ് ഹനാന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. വധശിക്ഷയില്‍ ഇളവു ലഭിക്കണമെന്ന നിമിഷപ്രിയയുടെ അപേക്ഷ നേരത്തെ കോടതി പരിഗണിച്ചിരുന്നു. 70 ലക്ഷം രൂപ നല്‍കിയാല്‍ കേസില്‍ നിന്നു പിന്മാറാന്‍ തയാറാണെന്ന് കൊല്ലപ്പെട്ട യുവാവിന്റെ കുടുംബം അറിയിച്ചിരുന്നെങ്കിലും തദ്ദേശീയരുടെ എതിര്‍പ്പുമൂലം നടന്നിരുന്നില്ല.
മകളുടെ മോചനശ്രമങ്ങളുടെ ഭാഗമായി ഈ വര്‍ഷം ഏപ്രില്‍ 20ന് യെമനിലേക്കു പോയ അമ്മ പ്രേമകുമാരി അവിടെ തുടരുകയാണ്. ഇതിനിടെ രണ്ടു തവണ അവര്‍ മകളെ ജയിലില്‍ ചെന്ന് കണ്ടിരുന്നു. തലാലിന്റെ കുടുംബത്തിന് ദയാധനം നല്‍കി ശിക്ഷ ഒഴിവാക്കാന്‍ ആക്ഷന്‍ കൗണ്‍സില്‍ ഉള്‍പ്പെടെ തുടങ്ങി പണം ശേഖരിച്ചിരുന്നു. 19,871 ഡോളര്‍ കൂട്ടായ ശ്രമത്തിലൂടെ സമാഹരിച്ചു. 2024 ജൂലൈയില്‍ പണം കൈമാറിയിരുന്നു. ചില അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് രണ്ടാഘട്ടം പണം സമാഹരിക്കല്‍ തുടരാനായില്ല.