തിരുവനന്തപുരം: നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് മാറ്റിവച്ചു. ആക്ഷൻ കൗണ്‍സിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.കേന്ദ്രസർക്കാർ വൃത്തങ്ങളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. നാളെ വധശിക്ഷ നടപ്പാക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. കാന്തപുരം അബൂബക്കർ മുസല്യാരുടെ ഇടപെടലിനെത്തുടർന്ന് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നത് സംബന്ധിച്ച് ഇന്ന് യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് ശിക്ഷ നടപ്പാക്കുന്നത് നീട്ടിവച്ചതെന്നാണ് വിവരം. കൊല്ലപ്പെട്ട യെമൻ പൗരൻ തലാലിന്റെ കുടുംബവുമായുള്ള മദ്ധ്യസ്ഥ ചർച്ചകളാണ് ഇന്ന് കൂടുതലായും നടന്നത്.
തലാലിന്റെ ബന്ധുവും ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും യെമന്‍ ശൂറാ കൗണ്‍സിലിന്റെ അംഗവുമായ വ്യക്തി, ശൈഖ് ഹബീബ് ഉമറിന്റെ നിർദേശപ്രകാരം യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇന്ത്യയ്‌ക്ക് യെമനില്‍ എംബസിയില്ല. ഹൂതികളുടെ നിയന്ത്രണത്തിലുള്ള സനയിലെ ജയിലിലാണ് നിമിഷ. അവർക്ക് നയതന്ത്ര തലത്തില്‍ അംഗീകാരമില്ല. വധശിക്ഷ സസ്‌പെൻഡ് ചെയ്യാൻ യെമൻ പബ്ലിക് പ്രോസിക്യൂട്ടർക്ക് കത്തു നല്‍കി. ഒരു ഷെയ്‌ഖിന്റെ സഹായം തേടി. എന്നാല്‍ ഇവയൊന്നും ഫലപ്രദമായില്ല.ദയാധനം സ്വീകരിക്കില്ലെന്നും വധശിക്ഷ നടപ്പാക്കണമെന്നുള്ള നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു തലാലിന്റെ ബന്ധുക്കള്‍.