നിപ വൈറസ് : 8 ഫലങ്ങളും നെഗറ്റീവ്

നിപ വൈറസ്സിന്റെ ഇന്ന് ലഭിച്ച എട്ട് ഫലങ്ങളും നെഗറ്റീവ്. കുട്ടിയുടെ രക്ഷിതാക്കൾക്ക് അടക്കം നിപ ഇല്ല. ആരോഗ്യ പ്രവർത്തകരുടെ ഫലവും നെഗറ്റീവ് ആണ്.

നിപ വൈറസ് ബാധിച്ച് കോഴിക്കോട് മരിച്ച 12 വയസുകാരന്റെ സമ്പര്‍ക്ക പട്ടികയില്‍ 11 പേര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ടെന്ന് നേരത്തെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചിരുന്നു. സമ്പര്‍ക്ക പട്ടികയില്‍ 251 പേരുണ്ടെന്നും 38 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും സമ്പര്‍ക്കപ്പട്ടികയിലുള്ളവരില്‍ 129 പേരും ആരോഗ്യ പ്രവര്‍ത്തകരാണെന്നും മന്ത്രി പറഞ്ഞു.

ആര്‍ക്കും തീവ്രമായ ലക്ഷണമില്ല. കുട്ടിയുടെ അമ്മയ്ക്ക് ഉണ്ടായിരുന്ന പനിയും കുറഞ്ഞുവരികയാണെന്ന് മന്ത്രി പറഞ്ഞു. ആകെ 54 പേരാണ് ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്ളത്. ഇവരില്‍ 30 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. നിപ അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

ഇവരിൽ എട്ട് പേരുടെ പരിശോധനാ ഫലം ലഭ്യമായത്. ഭോപ്പാലില്‍ നിന്നുള്ള എന്‍.ഐ.വി സംഘം നാളെ എത്തും. സംസ്ഥാന തലത്തില്‍ നിപാ കണ്‍ട്രോള്‍ സെല്‍ ആരംഭിച്ചുവെന്നും ഏവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും കോഴിക്കോട് ജില്ലയില്‍ രണ്ട് ദിവസത്തേക്ക് കൊവിഡ് വാക്‌സിനേഷന്‍ ഇല്ലെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഇന്നലെ രാത്രി മുതല്‍ സാമ്പിളുകള്‍ പരിശോധിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ സജ്ജമായിട്ടുണ്ട്. കുട്ടിയുടെ വീടും പരിസരവും മൃഗസംരക്ഷണ വകുപ്പ് സന്ദര്‍ശിച്ചു. വീടിന്റെ പരിസരത്ത് രണ്ട് റമ്പൂട്ടാന്‍ മരങ്ങള്‍ കണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

പാതി കടിച്ച റമ്പൂട്ടാനുകള്‍ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
ഓരോ 25 വീടിനും ഒരു സംഘമെന്ന നിലയില്‍ പ്രദേശത്ത് വിവരശേഖരണം നടത്തും. നിപ ചികിത്സയ്ക്കായി നേരത്തെ തന്നെ സംസ്ഥാനത്ത് പ്രോട്ടോക്കോള്‍ ഉണ്ടെന്നും, റെംഡിസീവര്‍ ഉപയോഗിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

spot_img

Related Articles

Latest news