കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ 9 സിറ്റിങ് എംഎൽഎമാർ വീണ്ടും മത്സരത്തിനൊരുങ്ങുന്നു. ഇടതുപക്ഷത്തെ 7 പേരും യുഡിഎഫിലെ 2 പേരും വീണ്ടും കളത്തിലിറങ്ങാനാണു സാധ്യത. മന്ത്രിമാരായ ടി.പി. രാമകൃഷ്ണൻ, എ.കെ. ശശീന്ദ്രൻ, എംഎൽഎമാരായ എം.കെ. മുനീർ, പാറക്കൽ അബ്ദുല്ല, ഇ.കെ. വിജയൻ, കെ. ദാസൻ, എ. പ്രദീപ്കുമാർ, പി.ടി.എ. റഹീം, കാരാട്ട് റസാഖ് എന്നിവരാണു മുന്നണികളുടെ സാധ്യതാ പട്ടികയിലുള്ളത്. ഇതിൽ, തുടർച്ചയായ 2 ടേം പൂർത്തിയാക്കിയ കെ. ദാസൻ, 3 ടേം പൂർത്തിയാക്കിയ എ. പ്രദീപ്കുമാർ എന്നിവർക്കു മത്സരിക്കാൻ സിപിഎം സംസ്ഥാന സമിതിയുടെ പ്രത്യേക അനുമതി വേണം.
കോഴിക്കോട് സൗത്ത് എംഎൽഎ എം.കെ. മുനീറിന്റെ പേര് കൊടുവള്ളിയിലും പരിഗണിക്കുന്നുണ്ടെങ്കിലും മുനീർ സൗത്തിൽ തന്നെ തുടരണമെന്നു മണ്ഡലത്തിലെ യുഡിഎഫ് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. കൊടുവള്ളിയിൽ സീറ്റ് ആഗ്രഹിക്കുന്ന ലീഗ് നേതാക്കളും മുനീറിന്റെ വരവിനെ എതിർക്കുന്നു. ഇടതുസ്വതന്ത്രരായ പി.ടി.എ. റഹീമിനു കുന്നമംഗലത്തും കാരാട്ട് റസാഖിനു കൊടുവള്ളിയിലും ഒരവസരം കൂടി നൽകുമെന്നു സിപിഎം നേതൃത്വം സൂചന നൽകിയിട്ടുണ്ട്. മന്ത്രി ടി.പി.രാമകൃഷ്ണൻ പേരാമ്പ്ര മണ്ഡലത്തിൽ സജീവമാണ്.
നിയമസഭയിൽ രണ്ടു ടേം എന്ന നിബന്ധന സിപിഐ മൂന്നാക്കിയതോടെ നാദാപുരത്ത് ഇ.കെ. വിജയന് ഒരവസരം കൂടി ഉറപ്പായി. എൻസിപിക്ക് എലത്തൂർ മണ്ഡലം ലഭിച്ചാൽ മന്ത്രി എ.കെ. ശശീന്ദ്രൻ തന്നെ വീണ്ടും സ്ഥാനാർഥിയാകും. എലത്തൂർ ഏറ്റെടുക്കാനുള്ള സിപിഎം ശ്രമം അവസാനിപ്പിച്ചത് എൻസിപിക്കു പ്രതീക്ഷ നൽകുന്നു. കുറ്റ്യാടിയിൽ കഴിഞ്ഞ വട്ടം അട്ടിമറി വിജയം നേടിയ പാറക്കൽ അബ്ദുല്ല തന്നെ കളത്തിലിറങ്ങും. കോഴിക്കോട് നോർത്തിൽ നിന്നു 3 തവണ നിയമസഭയിലെത്തിയ എ. പ്രദീപ്കുമാറിന് ഒരവസരം കൂടി നൽകണമെന്നു പാർട്ടിക്കു താൽപര്യമുണ്ട്. എന്നാൽ രണ്ടും ടേം നിബന്ധന കർശനമാക്കിയതിനാൽ മത്സരിക്കാൻ പ്രത്യേക ഇളവ് ആവശ്യമാണ്. കൊയിലാണ്ടിയിൽ കെ. ദാസന്റെ പേരിനാണു മുൻതൂക്കം. ടേം നിബന്ധന സിപിഎം കർശനമാക്കിയാൽ മാത്രം കൊയിലാണ്ടിയിലും നോർത്തിലും പുതുമുഖങ്ങൾ വന്നേക്കാം.