കല്‍പ്പറ്റ: ആത്മഹത്യ ചെയ്‌ത വയനാട് മുൻ ഡിസിസി ട്രഷറർ എൻഎം വിജയന്റെ അർബൻ ബാങ്കിലെ ബാദ്ധ്യത കോണ്‍ഗ്രസ് അടച്ചുതീർത്തു.ബാങ്കില്‍ 63 ലക്ഷം രൂപയുടെ കടമാണ് വിജയന് ഉണ്ടായിരുന്നത്. കടം അടച്ച് തീർക്കുമെന്ന് കെപിസിസി പ്രസിഡന്റ് നേരത്തേ വയനാട്ടില്‍ പ്രഖ്യാപിച്ചിരുന്നു. കടം അടച്ച് തീർക്കാത്തതിനെത്തുടർന്ന് വിജയന്റെ മരുമകള്‍ ഡിസിസി ഓഫീസിന് മുന്നില്‍ സത്യാഗ്രഹമിരിക്കുമെന്ന് പ്രഖ്യാപിച്ചത് വലിയ വിവാദമായിരുന്നു. നേരത്തേ 20 ലക്ഷം രൂപ പണമായി കുടുംബത്തിന് നേരിട്ട് കോണ്‍ഗ്രസ് നല്‍കിയിരുന്നു. സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പത്ത് ലക്ഷം രൂപയും നല്‍കി ബാദ്ധ്യതയും തീർത്തിരുന്നു.
കഴിഞ്ഞ ഡിസംബര്‍ 25നാണ് എൻഎം വിജയനെയും മകന്‍ ജിജേഷിനെയും വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 27ന് ഇരുവരും മരിച്ചു. ഇതിന് ശേഷം പുറത്തുവന്ന എന്‍എം വിജയന്റെ ആത്മഹത്യാക്കുറിപ്പും അനുബന്ധ തെളിവുകളുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കുരുക്കായത്. ഐസി ബാലകൃഷ്ണന്‍, എന്‍ഡി അപ്പച്ചന്‍, കെകെ ഗോപിനാഥന്‍, പിവി ബാലചന്ദ്രന്‍ എന്നിവരുടെ പേരുകളടക്കം വിജയന്‍ ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിച്ചിരുന്നു.