ന്യൂഡല്‍ഹി: സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡിന് നിരോധനം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് യുറോപ്യന്‍ യൂനിയന്‍ ഇന്ത്യന്‍ അംബാസിഡര്‍ യുഗോ അസ്റ്റുട്ടോ. എഎന്‍ഐക്ക് നല്കിയ അഭിമുഖത്തിലാണ് ആസ്ട്രസെനക്കയും ഓക്സ്ഫഡും സംയുക്തമായി വികസിപ്പിച്ച് ഇന്ത്യന്‍ കമ്ബനിയായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന വാക്സിന് യുറോപ്യന്‍ യൂനിയന്‍ നിരോധനമേര്പ്പെടുത്തിയേക്കുമെന്ന വാര്‍ത്ത നിഷേധിച്ചത്.
യൂറോപ്യന്‍ മെഡിസിന് ഏജന്‍സിക്ക് ഇതുവരെയും സിറം ഇന്‍സ്റ്റിറ്റ്യൂട്ടോ ആസ്ട്ര സെനക്കയോ അപേക്ഷ നല്‍കിയിട്ടില്ലെന്നും സ്വമേധയാ അത്തരം പരിശോധനകള്‍ നടത്തുന്ന പതിവില്ലെന്നും അദ്ദേഹം പറഞ്ഞു.
ആസ്ട്ര സെനക്കയുടെ വാക്സെര്‍വ്രിയ എന്ന വാക്സിന് യൂറോപ്യന്‍ യൂനിയന്‍ അനുമതി നല്‍കിയതിനെക്കുറിച്ച് ആ വാക്സിന് കമ്പനി അപേക്ഷ നല്‍കിയിരുന്നുവെന്നും ഓരോ അപേക്ഷയിലാണ് തീരുമാനമെടുക്കാറെന്നും അദ്ദേഹം വിശദീകരിച്ചു.
വാക്സിന് ഒരു ജൈവ ഉല്‍പ്പന്നമാണ്. അതിന്റെ ഉല്‍പ്പാദനത്തിലെ ചെറിയൊരു വ്യത്യാസം പോലും ഗുണ നിലവാരത്തെ ബാധിക്കും. ഓരോ ഉല്‍പ്പന്നവുമായി ബന്ധപ്പെട്ട അപേക്ഷകള്‍ പരിഗണിച്ചാണ് അതിന്റെ ഗുണ നിലവാരം വിലയിരുത്തുക.
കൊവിഷീല്‍ഡ് യൂറോപ്യന്‍ യൂനിയന്റെ വാക്സിനേഷന് പാസ്പോര്ട്ടില് ഉള്‍പ്പെടുത്തുന്ന വിഷയം സംബന്ധിച്ച് നടപടി സ്വീകരിക്കാന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരുന്നു. കൊവിഷീല്‍ഡ് വാക്സിനേഷന് പാസ്പോര്ട്ടില് ഉള്‍പ്പെടുത്താത്തത് മൂലം ഇത് സ്വീകരിച്ചവര്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് യാത്രയ്ക്ക് തടസ്സമുണ്ടെന്ന് ചൂണ്ടിക്കാട്ടി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദര്‍ പൂനാവാല വിദേശകാര്യ മന്ത്രി ഡോ.എസ് ജയശങ്കറിന് കത്തെഴുതിയിരുന്നു.
ഫൈസര്‍, മൊഡേണ, ഓക്സ്ഫഡ് ആസ്ട്ര സെനകയുടെ വാക്സെര്‍വ്രിയ, ജോണ്സണ് ആന്റ് ജോണ്സണ് എന്നീ നാല് വാക്സിനുകള്‍ക്ക് മാത്രമാണ് വാക്സിനേഷന് പാസ്പോര്‍ട്ട് നല്‍കുന്നതും പകര്‍ച്ച വ്യാധി സമയത്ത് യൂറോപ്യന്‍ യൂനിയനുള്ളില്‍ യാത്ര ചെയ്യാന്‍ അനുവദിക്കുന്നതും.