സി.ബി.എസ്​.ഇ : ഇന്നലെയും തീരുമാനമില്ല, ആശങ്കയില്‍ രക്ഷിതാക്കള്‍

സി.ബി.എസ്​.ഇ പരീക്ഷ നടന്നില്ലെങ്കില്‍ വിദ്യാര്‍ഥികളുടെ പ്രവേശനം അവതാളത്തിലാകും

ദുബൈ: സി.ബി.എസ്​.ഇ 12ാം ക്ലാസ്​ പരീക്ഷയില്‍ തീരുമാനമെടുക്കാന്‍ ഇന്നലെ ചേര്‍ന്ന യോഗവും തീരുമാനമാകാതെ പിരിഞ്ഞു. ഇതോടെ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക വര്‍ധിച്ചു. പരീക്ഷ റദ്ദാക്കി ഫലം പ്രഖ്യാപിക്കു​കയോ ഉടന്‍ പരീക്ഷ നടത്തുകയോ ചെയ്യും എന്നതായിരുന്നു രക്ഷിതാക്കളുടെ പ്രതീക്ഷ.

തീരുമാനം അനിശ്ചിതമായി നീളുന്നതോടെ പ്രവാസി വിദ്യാര്‍ഥികളുടെ തുടര്‍പഠനവും പ്രതിസന്ധിയിലായി.വിദേശ രാജ്യങ്ങളിലെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലെ പുതിയ അധ്യയന വര്‍ഷം ഉടന്‍ ആരംഭിക്കും.

സി.ബി.എസ്​.ഇ പരീക്ഷ നടന്നില്ലെങ്കില്‍ വിദ്യാര്‍ഥികളുടെ പ്രവേശനം അവതാളത്തിലാകും. മാര്‍ച്ചിലായിരുന്നു പരീക്ഷ നടക്കേണ്ടിയിരുന്നത്​. ഈ മാസമെങ്കിലും പരീക്ഷ നടത്തി ഉടനടി ഫലം പ്രഖ്യാപിച്ചില്ലെങ്കില്‍ വിദ്യാര്‍ഥികളുടെ ഒരു വര്‍ഷം നഷ്​ടപ്പെടുന്ന അവസ്​ഥയിലാണ്​.

അല്ലാത്തപക്ഷം, 10ാം ക്ലാസിലേതുപോലെ പരീക്ഷ റദ്ദാക്കണം. മുന്‍ ടേമിലെ പ്രകടനത്തി​ന്റെ അടിസ്​ഥാനത്തില്‍ ഫലം പ്രഖ്യാപിക്കുകയും ചെയ്യണം. ഇതാണ്​ രക്ഷിതാക്കളുടെ ആവശ്യം.

ഇന്ത്യക്ക്​ പുറത്ത്​ 22 രാജ്യങ്ങളില്‍ സി. ബി. എസ്. ഇ പരീക്ഷക്ക്​ സെന്‍ററുകളുണ്ട്​. ഇന്ത്യയില്‍ നിന്ന്​ വ്യത്യസ്​തമായ ചോദ്യപേപ്പറുകളാണ്​ ഇവിടെ ഉപയോഗിക്കുന്നത്​. അതിനാല്‍, ഇന്ത്യയിലെ പരീക്ഷ വൈകിയാലും വിദേശ രാജ്യങ്ങളില്‍ പരീക്ഷ നടത്തണമെന്ന ആവശ്യവും രക്ഷിതാക്കളും സ്​കൂള്‍ മാനേജ്​മെന്‍റും മുന്നോട്ടുവെക്കുന്നു.

താരതമ്യേന കോവിഡ്​ ബാധിതര്‍ കുറഞ്ഞ വിദേശരാജ്യങ്ങളില്‍ ഇതിന്​ തടസ്സമുണ്ടാകില്ല. എസ്​. എസ്​. എല്‍. സി, പ്ലസ്​ ടു പരീക്ഷകള്‍ ഗള്‍ഫില്‍ നടത്തിയിരുന്നു.

പരീക്ഷ വൈകുന്നതിനാല്‍ നാട്ടിലേക്ക്​ മടങ്ങാന്‍പോലും കഴിയാത്ത അവസ്​ഥയിലാണ്​ വിദ്യാര്‍ഥികള്‍. പലരുടെയും വിസ കാലാവധി അവസാനിക്കാറായി. കൂടുതല്‍ കുട്ടികളും തുടര്‍വിദ്യാഭ്യാസം നാട്ടിലാക്കാനാണ്​ തീരുമാനിച്ചിരിക്കുന്നത്​.

അതിനാല്‍, വിസ കാലാവധി കഴിയുന്നതിന് മുമ്പ് എങ്ങനെയെങ്കിലും കുട്ടികളെ നാട്ടിലെത്തിക്കണമെന്നാണ്​ രക്ഷിതാക്കളുടെ ആഗ്രഹം. പരീക്ഷ വൈകിയാല്‍ വിസിറ്റിങ്​ വിസ എടുത്ത്​ വീണ്ടും വിദേശത്ത് തന്നെ തങ്ങേണ്ടി വരും. നിലവില്‍ സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന രക്ഷിതാക്കള്‍ക്ക്​ അധിക ബാധ്യതയായിരിക്കും ഇതുണ്ടാക്കുക.

spot_img

Related Articles

Latest news