മുംബൈ: മുംബൈയിലെ അറിയപ്പെടുന്ന പഞ്ചനക്ഷത്ര ഹോട്ടലുകളിലൊന്നായ ദി ഹയാത്ത് റീജന്‍സി അടച്ചുപൂട്ടി. ശമ്പളം നല്‍കാനും മറ്റ് ആവശ്യങ്ങള്‍ക്കും പണമില്ലാത്തതിനാല്‍ ഇനി ഒരു അറിയിപ്പുണ്ടാവുന്നതുവരെ ഹോട്ടല്‍ തത്കാലത്തേക്ക് അടച്ചുപൂട്ടുകയാണെന്ന് ജീവനക്കാര്‍ക്ക് നല്‍കിയ നോട്ടീസില്‍ കമ്പനി അറിയിച്ചു. ഹയാത്ത് ബുക്കിങ് ചാനലുകളിലൂടെ റിസര്‍വേഷന്‍ സ്വീകരിക്കുന്നതും താത്കാലികമായി നിര്‍ത്തിവച്ചു.
മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമാണ് ഹോട്ടല്‍ സ്ഥിതിചെയ്യുന്നത്. എഷ്യന്‍ ഹോട്ടല്‍സ്(വെസ്റ്റ്) ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ് ഹോട്ടല്‍ ഹയാത്ത്. തങ്ങളുടെ മാതൃസ്ഥാപനം പ്രവര്‍ത്തനങ്ങള്‍ക്ക് പണം അയച്ചിട്ടില്ലെന്ന് പ്രസ്താവനയില്‍ ഹോട്ടല്‍ ജനറല്‍ മാനേജര്‍ ഹര്‍ദീപ് മര്‍വ പറഞ്ഞു.
2020 ജനുവരിയില്‍ ഇന്ത്യയില്‍ കൊവിഡ് വ്യാപനം വര്‍ധിച്ചതിനെത്തുടര്‍ന്ന് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ അടക്കം ഏര്‍പ്പെടുത്തിയതോടെ ഹോട്ടല്‍ വ്യവസായം രാജ്യത്തുടനീളം വലിയ പ്രതിസന്ധിയിലാണ്.