ഓക്‌സിജൻ വ്യവസായ ആവശ്യത്തിന് ഉപയോഗിക്കുന്നത് നിരോധിച്ച് കേന്ദ്ര സർക്കാർ. ഓക്‌സിജൻ ലഭ്യത വിതരണം എന്നിവ അവലോകനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച അടിയന്തര ഉന്നതതല യോഗത്തിലാണ് തീരുമാനം.
രാജ്യത്ത് വിവിധ സംസ്ഥാനങ്ങൾ നേരിടുന്ന ഓക്‌സിജൻ ക്ഷാമം പരിഹരിക്കാനാണ് നടപടി. ഓക്‌സിജൻ ഉത്പാദനം വർധിപ്പിക്കണമെന്നും അന്തർ സംസ്ഥാന ഓക്‌സിജൻ വിതരണം തടസപ്പെടുത്തരുതെന്നും പ്രധാനമന്ത്രി ഉത്തരവിട്ടു.
ഡൽഹി ആശുപത്രികളിലെ ഓക്‌സിജൻ ക്ഷാമം അതിരൂക്ഷമായിരിക്കുകയാണ്. ഡിസ്ചാർജ് ചെയ്യാൻ കഴിയുന്ന രോഗികളെയൊക്കെ ഡിസ്ചാർജ് ചെയ്യാൻ ഡോക്ടർമാർക്ക് നിർദ്ദേശം നൽകിയതായി ശാന്തി മുകുന്ദ് ആശുപത്രി സി ഇ ഒ അറിയിച്ചു. നോയിഡ കൈലാഷ് ആശുപത്രിയിൽ പുതിയ രോഗികളെ അഡ്മിറ്റ് ചെയ്യുന്നത് നിർത്തി.
വിവിധ ആശുപത്രികൾ തങ്ങൾക്ക് മണിക്കൂറുകൾ പിടിച്ചു നിൽക്കാനുള്ള ഓക്‌സിജൻ മാത്രമേയുള്ളൂ എന്നറിയിച്ച് രംഗത്തെത്തുകയാണ്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം, അടിയന്തരാവശ്യങ്ങൾക്കുള്ള ഓക്‌സിജൻ എത്തിക്കുകയാണ് ചെയ്തിരുന്നത്. ഇപ്പോൾ അത് പോലും ലഭ്യമല്ലാത്ത അവസ്ഥയാണ്.
പല ആശുപത്രികളും ഓക്‌സിജൻ ലഭ്യതക്കായി ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.