ന്യൂ ഡല്‍ഹി: ഡബ്ല്യു.എച്ച്.ഒ അംഗീകരിച്ച വാക്‌സിനുകള്‍ സ്വീകരിച്ചവര്‍ക്ക് രാജ്യത്ത് ക്വാറന്റൈന്‍ നിര്‍ബന്ധമാകില്ല. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച അന്താരാഷ്ട്ര വിനോദ സഞ്ചാരികളുടെ ക്വാറന്റൈന്‍ ഇന്ത്യ ഒഴിവാക്കി. ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് പ്രകാരമാണിത്. എന്നാല്‍ സഞ്ചാരികള്‍ കൈവശം കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം.
പുതിയ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് സഞ്ചാരികള്‍ എയര്‍ സുവിധാ പോര്‍ട്ടലില്‍ സെല്‍ഫ് ഡിക്ലറേഷന്‍ സമര്‍പ്പിക്കണം. 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടി-പിസിആര്‍ നെഗറ്റീവ് ഫലവും നിര്‍ബന്ധമാണ്. ടെസ്റ്റിനിടയില്‍ കോവിഡ് പോസിറ്റീവാകുന്നവര്‍ സെല്‍ഫ് ഐസൊലേറ്റ് ചെയ്യുകയും അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യുകയും വേണം.
വാക്‌സിന്‍ സ്വീകരിച്ചവരുടെ തോത് ലോകമെമ്പാടും വര്‍ധിച്ചതും, കോവിഡിന്റെ കുറഞ്ഞ് തുടങ്ങിയ വ്യാപനവുമാണ് പുതിയ ഉത്തരവിറക്കാന്‍ ആരോഗ്യ മന്ത്രാലയത്തെ പ്രേരിപ്പിച്ച ഘടകങ്ങള്‍. തിങ്കളാഴ്ച മുതല്‍ പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വന്നു.
പൂര്‍ണമായും വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ രാജ്യത്ത് എത്തിയുടനെ കോവിഡ് ടെസ്റ്റ് നടത്തണം. ഏഴ് ദിവസത്തെ ഹോം ക്വാറന്റൈനും ഇവര്‍ക്ക് ബാധകമാണ്.