ക്ഷേത്രം പണിയുന്ന സ്ഥലത്തേക്ക് ക്ഷണിക്കാത്തതാണ് കോണ്‍ഗ്രസിന്റെ പ്രശ്നം
കൊണ്ടോട്ടി: തീവ്രഹിന്ദുത്വ ശക്തികളോട് വിട്ടുവീഴ്ചയില്ലാത്ത സമരമെന്നതാണ് ഇടതുപക്ഷ നയമെന്ന് സി.പി.എം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്. ജനങ്ങളെ മതപരമായി ഭിന്നിപ്പിച്ച് മതന്യൂനപക്ഷത്തോടുള്ള വിദ്വേഷം ജനിപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാറിന്റെയും അതിന് നേതൃത്വം നല്കുന്ന നരേന്ദ്രമോദിയുടെയും രീതി. ഹിന്ദുത്വ തീവ്രവാദശക്തികള്‍ ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ ഇടതുപക്ഷത്തിന് മാത്രമേ കഴിയൂവെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു.
പൗരത്വത്തിനായി കേരളത്തിലൊരാളും ബി.ജെ.പിയുടെ മുന്നില്‍ കാത്തുനില്‍ക്കേണ്ടിവരുന്ന അവസ്ഥ പിണറായി വിജയന് സര്‍ക്കാറുണ്ടാക്കില്ല.ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് ക്ഷേത്രം പണിയുന്നത് വേദനാജനകമാണ്. ഇന്ത്യയുടെ മതനിരപേക്ഷതയുടെ അടിത്തറയാണ് ഇളക്കുന്നത്. ആര്.എസ്.എസ് അജണ്ടയാണ് ബാബരി മസ്ജിദ് തകര്‍ക്കല്‍. ഇതില്‍ കോണ്‍ഗ്രസിന് പരാതിയില്ല.
ക്ഷേത്രം പണിയുന്ന സ്ഥലത്തേക്ക് ക്ഷണിക്കാത്തതാണ് കോണ്‍ഗ്രസിന്റെ പ്രശ്നം. കോണ്‍ഗ്രസ് നേതാക്കളില്‍ പലരുടേയും ഒരു കാല് ബി.ജെ.പിയിലാണ്. വോട്ടിന് വേണ്ടിയുള്ള അവസരവാദ നിലപാടാണ് യു.ഡി.എഫിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.