ന്യൂഡല്‍ഹി : ഓപ്പറേഷന് സിന്ദൂറിനെക്കുറിച്ച് രാജ്യത്തോട് വ്യക്തമാക്കി പ്രശസ്തി നേടിയ കേണല്‍ സോഫിയ ഖുറേഷിയെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയ ബിജെപി മന്ത്രിക്കെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്തു.‘ഭീകരരുടെ സഹോദരി’ എന്നായിരുന്നു കേണല്‍ സോഫിയയെക്കുറിച്ചുള്ള മന്ത്രിയുടെ പരാമര്‍ശം ഇത് വ്യാപകമായി വിമര്‍ശിക്കപ്പെടുകയും മന്ത്രിക്കെതിരെ മധ്യപ്രദേശിലെ ജബല്‍പൂരിലെ കോടതി സ്വമേധയാ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് പൊലീസ് എഫ്ഐആര്‍ ഫയല്‍ ചെയ്തത്.
ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലെ ഒരു മുതിര്‍ന്ന കാബിനറ്റ് മന്ത്രിയായ വിജയ് ഷായ്ക്കെതിരെ ഇന്‍ഡോര്‍ ജില്ലയിലെ മോവ് സബ്ഡിവിഷനിലെ മാന്‍പൂര്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
മന്ത്രി വിജയ് ഷായ്ക്കെതിരായ വാര്‍ത്താ റിപ്പോര്‍ട്ടുകളുടെയും ഡിജിറ്റല്‍ മീഡിയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ജബല്‍പൂരിലെ മധ്യപ്രദേശ് ഹൈക്കോടതിയുടെ ഡിവിഷന് ബെഞ്ച് സ്വമേധയാ കേസെടുത്തത്. മന്ത്രിക്കെതിരെ ബിഎന്‍എസ് സെക്ഷന്‍ 152, 196(1)(ബി), 197(1)(സി) പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉടന്‍ ഉത്തരവിടുകയും ചെയ്തു.
‘മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന്, കാബിനറ്റ് മന്ത്രി വിജയ് ഷായുടെ പ്രസ്താവനയില്‍ നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്’ -എന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹന്‍ യാദവും എക്സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
എന്നാല്‍, തന്റെ അഭിപ്രായങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി മാറ്റുകയായിരുന്നുവെന്നു പറഞ്ഞ് മന്ത്രി തടിതപ്പാന്‍ നോക്കിയെങ്കിലും അത് ഏല്ക്കാതെ വന്നതോടെ ക്ഷമാപണവും നടത്തി. കേണല്‍ സോഫിയാ ഖുറേഷി എനിക്ക് എന്റെ സഹോദരിയേക്കാള് പ്രധാനമാണ്, കാരണം അവര്‍ ജാതിക്കും സമുദായത്തിനും അതീതമായി ഉയര്‍ന്നുവന്ന് പ്രതികാരം ചെയ്തു. ഞാന്‍ ഒരു കുറ്റവും ഉദ്ദേശിച്ചിരുന്നില്ല. ആര്‍ക്കെങ്കിലും വിഷമം തോന്നിയിട്ടുണ്ടെങ്കില്‍, ഞാന്‍ ഒരു തവണയല്ല, പത്തു തവണ ക്ഷമ ചോദിക്കുന്നുവെന്നായിരുന്നു വിജയ് ഷായുടെ പിന്നീടത്തെ മാപ്പു പറച്ചില്.