വിദേശത്തു താമസിക്കുന്ന പ്രവാസി കുടുബാംഗങ്ങൾക്കും നോർക്കയിലും പ്രവാസി ക്ഷേമനിധിയിലും അംഗത്വമെടുക്കാം

റിയാദ്:വിദേശത്തു താമസിക്കുന്ന പ്രവാസി കുടുബാംഗങ്ങൾക്കും നോർക്കയിലും പ്രവാസി ക്ഷേമനിധിയിലും അംഗത്വമെടുക്കാമെന്ന് നോർക്കയുടെയും പ്രവാസി വെൽഫെയർ ബോർഡിൻറെയും പ്രതിനിധികൾ പറഞ്ഞു. അപേക്ഷകർ അതാത് രാജ്യങ്ങളിൽ ഫാമിലി വിസയോടുകൂടി ആറ് മാസത്തിലധികം താമസിക്കുന്നവരായിരിക്കണം. ഇവർ ഏതെങ്കിലും തൊഴിൽ വിസയിലായിരിക്കണമെന്ന നിബന്ധനയില്ലെന്നും ‘കോഴിക്കോടൻസ്’ സംഘടിപ്പിച്ച നോർക്ക റൂട്സ് – പ്രവാസി വെൽഫെയർ ബോർഡ് ബോധവൽക്കരണ വെബിനാറിൽ പങ്കെടുത്തു സംസാരിക്കവെ ഇവർ വ്യക്തമാക്കി. കോഴിക്കോടൻസ് ചീഫ് ഓർഗനൈസർ ഹർഷാദ് ഫറോക്ക് അധ്യക്ഷത വഹിച്ചു.

പ്രവാസികളുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി ഒട്ടേറെ കാര്യങ്ങൾ നോർക്ക വഴിയും പ്രവാസി വെൽഫെയർ ബോർഡ് മുഖേനയും നടന്നു വരുന്നുണ്ട്. നോർക്ക ഇൻഷുറൻസ് പരിരക്ഷ, പുനരധിവാസം ലക്ഷ്യമിട്ടുള്ള പ്രവാസി ഭദ്രത, വെൽഫെയർ ബോർഡ് നടപ്പാക്കിയ അറുപത് വയസ്സ് കഴിഞ്ഞവർക്കുള്ള ക്ഷേമനിധി പെൻഷൻ, ചികിത്സ – വിവാഹ സഹായങ്ങൾ തുടങ്ങിയവ ഇതിൽ പ്രധാനപ്പെട്ടവയാണ് . പതിനെട്ട് വയസ്സുമുതൽ അറുപത് വയസ്സുവരെയുള്ള ഏതൊരു പ്രവാസിക്കും പൂർണമായും ഓൺലൈൻ വഴി അംഗത്വമെടുക്കാവുന്നതാണ്. മാത്രമല്ല വിദേശത്തുകഴിയുന്ന വീട്ടമ്മമാർക്കും ഇതിൽ അംഗങ്ങളാകാം. വിദേശത്തു പഠിക്കുന്ന വിദ്യാർത്ഥികൾ സ്റ്റുഡന്റസ് ഐഡി കാർഡ് നൽകി വരുന്നുണ്ട്. എന്നാൽ അറിവില്ലായ്മ കാരണം വളരെയധികം ആളുകൾക്ക് ഇപ്പോഴും ഇത്തരം ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താൻ സാധിക്കുന്നില്ലെന്നും അതിനായി ബോധവൽക്കരണ പരിപാടികൾ കൂടുതൽ നടക്കേണ്ടതുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. വിശദ വിവരങ്ങൾ നോർക്കയുടെയും വെൽഫെയർ ബോർഡിന്റെയും വെബ്സൈറ്റുകളിൽ ലഭ്യമാണ്.

നോർക്ക റൂട്സ് തിരുവനന്തപുരം അസിസ്റ്റന്റ് മാനേജർ ശ്രീമതി. ശ്രീലത ടി. സി, നോർക്ക റൂട്സ്
കോഴിക്കോട് മേഖല ഓഫീസ് സെന്റർ മാനേജർ ശ്രീ. അനീഷ്. ടി, കേരള പ്രവാസി വെൽഫെയർ ബോർഡ്
കോഴിക്കോട് ജില്ലാ എസ്‌സിക്യൂട്ടീവ് ഓഫീസർ ഇൻചാർജ് ശ്രീ. രാകേഷ്. ടി എന്നിവർ സംസാരിച്ചു. മുനീബ് പാഴൂർ, മുഹമ്മദ് ഷഹീൻ, ഷമീം മുക്കം എന്നിവർ വെബിനാർ നിയന്ത്രിച്ചു. പ്രോഗ്രാം ലീഡ് ഫൈസൽ പൂനൂർ സ്വാഗതവും വെൽഫെയർ ലീഡ് മജീദ് പൂളക്കാടി നന്ദിയും പറഞ്ഞു.

ഫോട്ടോ അടിക്കുറിപ്പ്:

കോഴിക്കോടൻസ് സംഘടിപ്പിച്ച നോർക്ക റൂട്സ് – പ്രവാസി ക്ഷേമനിധി ബോധവൽക്കരണ വെബിനാർ നോർക്ക റൂട്സ് തിരുവനന്തപുരം അസിസ്റ്റന്റ് മാനേജർ ശ്രീമതി. ശ്രീലത ടി. സി ഉത്ഘാടനം ചെയ്യുന്നു

spot_img

Related Articles

Latest news