നമ്പർ സ്പൂഫ് ചെയ്ത് കളക്ടർമാരെയും പോലീസുകാരെയും ഫോൺ വിളിച്ച് അസഭ്യം പറയൽ; പ്രവാസി അറസ്റ്റിൽ

കൽപ്പറ്റ: നമ്പർ സ്പൂഫ് ചെയ്ത് ജനപ്രതിനിധികളെയും ജില്ലാ കളക്ടർമാരെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും ഫോൺ വിളിച്ച് അസഭ്യം പറയുന്ന പ്രതി പിടിയിൽ. ഉന്നത പോലിസ് ഉദ്യോഗസ്ഥരെയും, ജില്ലാ കളക്ടർമാരെയും, രാഷ്ട്രീയ പ്രവർത്തകരെയും ഫോൺ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ കുന്നംകുളം മരത്തൻക്കോട് സ്വദേശി ഹബീബ് റഹ്മാൻ (29) ആണ് പിടിയിലായത്. സോഷ്യൽ മീഡിയയിൽ മാർലി എന്ന വിളിപേരിലാണ് ഇയാൾ അറിയപ്പെടുന്നത്.

ഹബീബ് റഹ്മാൻ വിദ്യാർഥികളെയും യുവാക്കളെയും ഉൾപ്പെടുത്തി വ്യാജ നമ്പറുകൾ ഉപയോഗിച്ച് വാട്സാപ്പ് ഗ്രൂപ്പുകൾ നിർമിച്ചിരുന്നു. ഈ ഗ്രൂപ്പ് വഴി സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഗ്രൂപ്പുകളിൽ നിന്നും തനിക്കും തന്‍റെ സുഹൃത്തുക്കൾക്കുമെതിരെ പോർവിളികൾ നടത്തുന്നവരെയാണ് സംഘം ലക്ഷ്യമിട്ടത്. പ്രത്യേക കോൾ ആപ്ലിക്കേഷൻ ഉപയോഗിച്ച് നമ്പർ സ്പൂഫ് ചെയ്ത് വിദേശത്തിരുന്ന് എംഎൽഎയും എംപിയും ഉൾപ്പെടെയുള്ള രാഷ്ട്രീയ പ്രമുഖരെയും ജില്ലാ കളക്ടർമാരെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയുമാണ് ഇയാൾ ചെയ്തത്.

പ്രതി ഇത്തരം കോളുകൾ റെക്കോർഡ് ചെയ്ത് എതിരാളികൾക്ക് അയച്ച് കൊടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സൈബർ പോലീസിന് തന്നെ ഒരിക്കലും കണ്ടെത്താൻ കഴിയില്ല എന്ന് ഇയാൾ വാട്സാപ്പ് ഗ്രൂപ്പുകളിലും യൂട്യൂബ് ഉൾപ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെയും പറഞ്ഞിരുന്നു.
നാലു മാസത്തോളം പ്രതിയുടെ നീക്കങ്ങൾ വയനാട് സൈബർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ആയിരുന്ന ജീജീഷ് പികെയുടെ നേത്യത്വത്തിൽ സൈബർ സെല്ലിലെയും, സൈബർ പോലീസ് സ്റ്റേഷനിലെയും പ്രത്യേക സംഘം സസൂക്ഷ്മം നിരീക്ഷിച്ചാണ് ഇയാളെ പിടികൂടിയത്. പ്രതി നാട്ടിൽ എത്തുന്ന വിവരം മനസ്സിലാക്കി മറ്റു ജില്ലകളെ കൂടി എകോപിപ്പിച്ചാണ് അറസ്റ്റ് ചെയ്തത്.

നാട്ടിൽ എത്തിയ ഇയാൾ പിടിക്കപ്പെടാതിരിക്കാൻ ഇന്ത്യൻ നമ്പർ ഒന്നും തന്നെ ഉപയോഗിച്ചിരിന്നില്ല. നിലവിൽ ഇയാൾക്കെതിരെ കാസർഗോഡ്, കണ്ണൂർ, എറണാകുളം എന്നീ ജില്ലകളിൽ കേസുകളുണ്ട്. മറ്റു ജില്ലകളിൽ കേസുകൾ നിലവിൽ ഉണ്ടോ എന്ന് പരിശോധിച്ച് വരികയാണ്. വ്യാജ വാട്സാപ്പ് നമ്പറുക്കൾ ഉപയോഗിച്ച് വിദ്യാർഥികളും മുതിർന്നവരും ഇത്തരം ഗ്രൂപ്പുകളിൽ വ്യാപകമായി അംഗമാകുന്നത് പോലീസ് നീരിക്ഷിച്ച് വരികയാണ്.

spot_img

Related Articles

Latest news