പൂനൂര്‍: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ്) മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും രാഷ്ട്രീയ, മത, സാംസ്‌കാരിക സംഘടനകളുടെയും സ്ഥാപനങ്ങളുടേയും ഭാരവാഹിയുമായിരുന്ന പൂനൂര്‍ ചേപ്പാല സി. അബ്ദുല്‍ അസീസ് മാസ്റ്ററുടെ ആകസ്മിക നിര്യാണത്തോടെ നാടിന് നഷ്ടമായത് മികച്ച സംഘാടകനെ.
മാതൃക അധ്യാപകന്‍, പരിശീലകന്‍, പ്രഭാഷകന്‍, സര്‍വിസ് വിദഗ്ധന്‍ തുടങ്ങി വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചാണ് അദ്ദേഹം വിടവാങ്ങിയത്. അധ്യാപക സംഘടന നേതാവായി ഏറെക്കാലം പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം സംഘടനയുടെ വളര്‍ച്ചക്ക് ചെയ്ത സേവനങ്ങള്‍ അവിസ്മരണീയമാണ്.
വിരമിക്കലിനുശേഷവും മരണം വരെ കര്‍മ വീഥിയില്‍ അദ്ദേഹം നിറഞ്ഞുനിന്നു. റിട്ട. അധ്യാപകരുടെ സംഘടനയായ ആര്‍.എ.ടി.എഫ് (ഇമാം) സംസ്ഥാന കമ്മിറ്റിയുടെ ഓര്‍ഗനൈസിങ് സെക്രട്ടറിയായിരുന്നു.
കെ.എ.ടി.എഫ് സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോള്‍ ഒട്ടേറെ കര്‍മപദ്ധതികള്‍ക്ക് രൂപം നല്‍കുകയും അവ നടപ്പില്‍ വരുത്തുന്നതിനും സംഘടനയെ കൂടുതല്‍ ഉയരങ്ങളില്‍ എത്തിക്കുന്നതിനും പ്രയത്നിച്ചു. അസീസ് മാസ്റ്റര്‍ ചീഫ് എഡിറ്ററും പബ്ലിഷറുമായി മുടങ്ങാതെ പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന അറബി അധ്യാപകരുടെ മുഖപത്രമാണ് അല്‍ ഇത്തിഹാദ്.
സ്കൂള്‍ കലോത്സവങ്ങളിലെ അറബിക് ഇനങ്ങളില്‍ വിധി നിര്‍ണയിക്കുന്നതില്‍ അദ്ദേഹത്തിന്റെ സജീവ സാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെടാറുണ്ടായിരുന്നു. കെ.എ.ടി.എഫ് സംസ്ഥാന വൈസ് പ്രസിഡന്‍റ്, ട്രഷറര്‍, കണ്ണൂര്‍ ജില്ല സെക്രട്ടറി, വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കീഴിലുള്ള ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം ഏഴംഗ ഉന്നത സമിതി അംഗം, കെ.എ.ടി.എഫ് സംസ്ഥാന ട്രഷറര്‍, വര്‍ക്കിങ് സെക്രട്ടറി, സംസ്ഥാന അധ്യാപക സാനിറ്റോറിയം സൊസൈറ്റി കേരള എക്സിക്യൂട്ടീവ് അംഗം, യൂത്ത് ലീഗ് ഉണ്ണികുളം പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിരുന്നു.
സ്വദേശം കോഴിക്കോട് ജില്ലയിലെ പൂനൂര്‍ പ്രദേശത്താണെങ്കിലും ജോലി കണ്ണൂര്‍ ജില്ലയിലായതിനാല്‍ കണ്ണൂര്‍ അസീസ് എന്ന പേരിലാണ് അദ്ദേഹം സംഘടന രംഗത്ത് അറിയപ്പെട്ടിരുന്നത്. വിശ്രമമെന്തെന്നറിയാത്ത കര്‍മനിരതയുടെ പ്രതീകമായിരുന്ന അബ്ദുല്‍ അസീസ് മാസ്റ്ററുടെ ആകസ്മിക വിയോഗം സംഘടനക്ക് നികത്താനാവാത്ത നഷ്ടമാണെന്ന് കെ.എ.ടി.എഫ് സംസ്ഥാന പ്രസിഡന്‍റ് എം.പി. അബ്ദുല്‍ഖാദര്‍ മാസ്റ്റര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.