കെ മഹ്മൂദ് നഹ നിര്യാതനായി

പരപ്പനങ്ങാടി: പരപ്പനങ്ങാടിയിലെ മത, സാമൂഹിക, വിദ്യാഭ്യാസ രംഗങ്ങളിലെ സജീവസാന്നിധ്യമായിരുന്ന കെ മഹ്മൂദ് നഹ നിര്യാതനായി. പരപ്പനങ്ങാടിയിലെ പ്രമുഖ വിദ്യാഭ്യാസ കേന്ദ്രമായ എജ്യുക്കേഷനല്‍ കോംപ്ലക്‌സ് ആന്റ് ചരിറ്റി സെന്ററിന്റെയും അതിനു കീഴിലുള്ള ഇശാഅത്തുല്‍ ഇസ്‌ലാം അറബിക് കോളജ്, പരപ്പനങ്ങാടി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, പരപ്പനങ്ങാടി ഐടിഐ, ഇസ്‌ലാഹിയ്യ മദ്‌റസ, പരപ്പനങ്ങാടി അനാഥാലയം, മസ്ജിദ് അമീന്‍ മുഹമ്മദ് തുടങ്ങിയ സ്ഥാപനങ്ങളുടെയും സ്ഥാപകനും ദീര്‍ഘകാലത്തെ ജനറല്‍ സെക്രട്ടറിയും മാനേജറുമായിരുന്നു.

പരപ്പനങ്ങാടി ഇഷാഅത്തുല്‍ ഇസ്‌ലാം സംഘത്തിന്റെ മുന്‍ പ്രസിഡന്റും സംഘത്തിനു കീഴിലുള്ള സൂപ്പിക്കുട്ടി നഹാ മെമ്മോറിയല്‍ സ്‌കൂളിന്റെ ദീര്‍ഘകാലത്തെ മാനേജറുമായിരുന്നു. തിരൂരങ്ങാടി മുസ്‌ലിം ഓര്‍ഫനേജ് കമ്മിറ്റി അംഗമായിരുന്നു.

കേരള നദ്‌വത്തുല്‍ മുജാഹിദീന്റെ മുന്‍നിര നേതാക്കളിലൊരാളായിരുന്നു. സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ വൈസ് പ്രസിഡന്റും ട്രഷററുമൊക്കെയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2002ലെ മുജാഹിദ് പിളര്‍പ്പില്‍ ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനിക്കൊപ്പം അനുരജ്ഞനത്തിന് വളരെയധികം പരിശ്രമിക്കുകയും അത് സാധ്യമാവാതെ വന്നപ്പോള്‍ ഇരുപക്ഷത്തും ചേരാതെ ദീര്‍ഘകാലം നിഷ്പക്ഷനായി തുടരുകയും ചെയ്തു.

2014ല്‍ കോട്ടയ്ക്കല്‍ നടന്ന മുജാഹിദ് സമ്മേളനത്തില്‍ സുവനീര്‍ പ്രകാശനം നിര്‍വഹിച്ചത് മഹ്മൂദ് നഹയും ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനിയുമായിരുന്നു. പരപ്പനങ്ങാടിയിലെ വ്യാപാരമേഖലയിലെ സജീവ സാന്നിധ്യം കൂടിയായിരുന്ന അദ്ദേഹം, നാടിന്റെ വികസന കാര്യങ്ങളില്‍ ഏറെ ശ്രദ്ധാലുവായിരുന്നു.

മുന്‍ ഉപമുഖ്യമന്ത്രിയായിരുന്ന കെ അവുക്കാദര്‍ കുട്ടി നഹയുടെ ജേഷ്ഠന്‍ സൂപ്പിക്കുട്ടി നഹയുടെ മകനാണ് മഹ്മൂദ് നഹ. അവുക്കാദര്‍ കുട്ടി നഹയുടെ മകള്‍ ആയിഷാ ബീവിയാണ് ഭാര്യ. മക്കള്‍: ഹമീദ് നഹ, മുനീര്‍ നഹ, ഹസീന.

spot_img

Related Articles

Latest news