ജവാദ് ജാഗ്രതയിൽ ഒഡീഷ

അമരാവതി : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ജവാദ് ചുഴലിക്കാറ്റ് ഇന്ന് ആന്ധ്ര ഒഡീഷ തീരത്ത് എത്തും. വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് ഉച്ചയ്ക്ക് ശേഷം കര തൊടും. വടക്കന്‍ ആന്ധ്രയ്ക്കും തെക്കന്‍ ഒഡീഷ തീരത്തിനുമിടയിൽ ഒഡീഷയിലെ പുരിയിൽ പൂർണമായി ജവാദ് ചുഴലിക്കാറ്റ് കര തൊടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വടക്കൻ ആന്ധ്ര തീരങ്ങളിൽ ഇന്നലെ രാത്രി മുതൽ മഴയുണ്ട്. വരും മണിക്കൂറുകളിൽ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. കര തൊടുന്നതോടെ മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

ജാഗ്രതാ നിർദ്ദേശം വന്നതിനു പിന്നാലെ ആന്ധ്ര – ഒഡീഷ തീരങ്ങളില്‍ നിന്ന് നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ആന്ധ്രയില്‍ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പശ്ചിമ ബംഗാൾ തീരത്തും മുന്നറിയിപ്പുണ്ട്.

ദേശീയ ദുരന്തനിവാരണ സേനയുടെ 64 സംഘങ്ങളെ ആന്ധ്രയിലും ഒഡീഷയിലുമായി വിന്യസിച്ചു. ഒഡീഷയിലെ പുരി ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദേശമുണ്ട്. ജവാദ്’ ജാഗ്രതയിൽ ഈസ്റ്റ് കോസ്റ്റ് റെയില്‍വേ 122 ട്രെയിനുകള്‍ റദ്ദാക്കി.

‘ജവാദ്’ മുന്‍കരുതല്‍ നടപടിയായി ഒഡിഷ തീരത്തെ കൊവിഡ് വാക്സിന്‍ വിതരണം രണ്ട് ദിവസത്തേക്ക് നിര്‍ത്തി വച്ചിട്ടുണ്ട്. ശനിയും ഞായറും വാക്സിന്‍ വിതരണമുണ്ടാകില്ല. വിവിധയിടങ്ങളില്‍ ഹെല്‍പ് ഡെസ്കും ഇതിനോടകം സജ്ജമാക്കിയിട്ടുണ്ട്.

സൗദി അറേബ്യ നി‍ർദേശിച്ച നാമങ്ങളുടെ പട്ടികയിൽ നിന്നാണ് പുതിയ ചുഴലിക്കാറ്റിന് ജവാദ് എന്ന് പേര് നൽകിയത്.

ജവാദ് ചുഴലിക്കാറ്റ് കേരളത്തിൽ കാര്യമായ സ്വാധീനം ചെലുത്തിലെന്നാണ് നിലവിലെ നിഗമനം. അതേസമയം കേരളത്തില്‍ വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, തൃശൂര്‍, മലപ്പുറം, വയനാട്, കോഴിക്കോട് എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയുണ്ടായിരുന്നു.

spot_img

Related Articles

Latest news