റിയാദ്: നാല് പതിറ്റാണ്ടിലേറെ നീണ്ട പ്രവാസ ജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന ഓ. ഐ. സി. സി സ്ഥാപക നേതാവും ഓ. ഐ. സി. സി നാഷണൽ കമ്മിറ്റിയുടെ ആക്ടിങ്ങ് പ്രസിഡന്റുമായ അഷ്റഫ് വടക്കേവിളക്ക് ഓ. ഐ. സി. സി നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നല്കി.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് റിയാദ് ബത്തയിലെ അപ്പോളോ ഡിമോറോ ഓഡിറേറാറിയത്തിൽ ചേർന്ന യോഗം ഓ. ഐ. സി. സി. ഗ്ലോബൽ കമ്മിറ്റി അംഗവും പ്രവാസി ഭാരതീയ പുരസ്കാര ജേതാവുമായ ശിഹാബ് കൊട്ടുകാട് ഉത്ഘാടനം ചെയ്തു.
റിയാദിലെ വിവിധ മുഖ്യധാരാ സംഘടനകളുടെ പൊതുവേദിയായ എൻ ആർ കെ ഫോറത്തിന്റെ അമരക്കാരനെന്ന നിലയിലും റിയാദിലെ കോൺഗ്രസ്സ് കുടുംബത്തിലെ കാരണവരിൽ ഒരാളെന്ന നിലയിലും അദ്ധേഹത്തിന്റെ സേവനങ്ങളും പ്രവർത്തന പാരമ്പര്യവും യോഗം അനുസ്മരിച്ചു.
ഓ. ഐ. സി. സി. നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷാജി സോണയുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിലേക്ക് ഫോർക്ക ചെയർമാനും ഓ. ഐ. സി. സി. നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ സത്താർ കായംകുളം അതിഥികളെ സ്വാഗതം ചെയ്തു.
റിയാദിലെ വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും പ്രതിനിധികൾക്ക് പുറമെ ഓ ഐ സി സി നേതാക്കളും പ്രവർത്തകരും യോഗത്തിൽ സംബന്ധിച്ചു. ഓ ഐ സി സി നാഷണൽ കമ്മിറ്റിയുടെ നിയുക്ത ആക്ടിംഗ് പ്രസിഡൻറ് ഷങ്കർ ഇലങ്കൂർ (ജിദ്ദ), ഇബ്രാഹിം സുബ്ഹാൻ (ലോക കേരള സഭാംഗം), സിദ്ദീഖ് തുവ്വൂർ (കെ എം സി സി), സുരേന്ദ്രൻ (കേളി), അബ്ദുൽ ബഷീർ (നന്മ പ്രവാസി കൂട്ടായ്മ), റെജിമുൽ ഖാൻ (രാജീവ് ഗാന്ധി സാംസ്കാരിക വേദി), ഓ ഐ സി സി നാഷണൽ കമ്മിറ്റി നിർവ്വാഹക സമിതി അംഗങ്ങളായ ജോൺസൺ, കുഞ്ഞുമോൻ കൃഷ്ണപുരം, ഷാനവാസ് എസ്.പി., റിയാദിലെ ആദ്യകാല കോൺഗ്രസ്സ് നേതാക്കന്മാരായ സുരേഷ് ഭീമനാട്, വിജയൻ നെയ്യാറ്റിൻകര, റസാഖ് ചാവക്കാട്, നാസർ ലെയ്സ്, ഷാജഹാൻ കരുനാഗപ്പള്ളി, ഇക്ബാൽ കോഴിക്കോട്, ചന്ദ്രൻ പെരിന്തൽമണ്ണ, അഖിനാസ് എം. കരുനാഗപ്പള്ളി, ബനൂജ് പുലത്ത് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
തന്റെ നീണ്ട പ്രവാസ അനുഭവങ്ങളും പൊതുപ്രവർത്തന രംഗത്ത് വഹിച്ച നേതൃത്വ പരമായ പങ്കും മറുപടി പ്രസംഗത്തിൽ അഷ്റഫ് വടക്കേവിള അനുസ്മരിച്ചു. നാഷണൽ കമ്മിറ്റിയുടെ ഉപഹാരം ജനറൽ സെക്രട്ടറി ഷാജി സോണ അഷ്റഫ് വടക്കേവിളക്ക് കൈമാറി. ഓ. ഐ. സി. സി. നാഷണൽ കമ്മിറ്റി സെക്രട്ടറി സിദ്ദീഖ് കല്ലൂപ്പറമ്പൻ യോഗത്തിന് കൃതജ്ഞത രേഖപ്പെടുത്തി.