റിയാദ് : റിയാദ് ഒഐസിസി കണ്ണൂർ ജില്ലാ പ്രസിഡന്റ് അബ്ദുൽ മജീദ് (57) അന്തരിച്ചു. അർബുദ രോഗബാധിതനായിരുന്നു. മലബാർ കാൻസർ സെൻട്രലിൽ ചികിത്സയിലായിരുന്നു. രോഗം മൂർചിച്ചതോടെ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ഇന്ന് രാവിലെ 7.30നു മരണം സംഭവിക്കുകയായിരുന്നു. ഖബറടക്കം ഉച്ച കഴിഞ്ഞു 3 മണിക്ക് കണ്ണൂർ പാപ്പിനശ്ശേരി വെസ്റ്റ് ജുമാമസ്ജിദിൽ നടക്കും.അദ്ദേഹത്തിന്റെ വിയോഗത്തിൽ സെൻട്രൽ കമ്മറ്റി അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.
മൂന്നു പതിറ്റാണ്ടോളം റിയാദിൽ ബിസിനസ് ചെയ്തിരുന്ന അബ്ദുൽ മജീദ് രോഗബാധിതനായാണ് മൂന്നു മാസം മുൻപ് നാട്ടിലേക്ക് ചികിത്സയ്ക്ക് പോകുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ജീവനോളം സ്നേഹിച്ചിരുന്ന അബ്ദുൽ മജീദ്, കോൺഗ്രസിന്റെ പ്രവാസി സംഘടനായായ ഒഐസിസി യുടെ മുൻനിര പ്രവർത്തകരിൽ ഒരാളായിരുന്നു. കഴിഞ്ഞ വർഷമാണ് അബ്ദുൽ മജീദിനെ കണ്ണൂർ ജില്ലാ ഒഐസിസി പ്രസിഡന്റ് ആയി തെരഞ്ഞെടുക്കുന്നത്.
രോഗബാധിതനായി ചികിത്സയ്ക്ക് പോയതെങ്കിലും, അദ്ദേഹത്തിന്റെ പെട്ടന്നുള്ള വേർപാട് സഹപ്രവർത്തകർക്ക് ഉൾക്കൊള്ളാനായിട്ടില്ല. ഇന്ന് രാത്രി 7:30 ന് സബർമതിയിൽ (ഡി പാലസ് ബത്ത )മയ്യത്തു നിസ്കാരവും അനുശോചന സമ്മേളനവും നടക്കുമെന്നു ഒഐസിസി റിയാദ് സെൻട്രൽ കമ്മറ്റി വർക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന് അറിയിച്ചു. ഏതാനും ദിവസങ്ങൾക്ക് മുൻപ് അദ്ദേഹത്തെ വീട്ടിൽ സന്ദർശിച്ച സെൻട്രൽ കമ്മറ്റി പ്രെസീഡന്റ് അബ്ദുല്ല വല്ലാഞ്ചിറ,പതിനാലു വർഷത്തോളം പാർട്ടിയിൽ തന്നോടൊപ്പം പ്രവർത്തിച്ച സഹാദരന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി. അദ്ദേഹത്തോടുള്ള ആദരസൂചകമായി ഇന്നും നാളെയുമായി ഒഐസിസി നടത്താനിരുന്ന എല്ലാ പരിപാടികളും മാറ്റിവെച്ചതായി ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി അറിയിച്ചു. മെയ് 18 നു ഒഐസിസി സുരക്ഷാപദ്ധിതിയുടെ ഉദ്‌ഘാടനവേദിയായിരുന്നു അദ്ദേഹം പങ്കെടുത്ത അവസാന പൊതുപരിപാടി. മെയ് 23നു ചികിത്സക്കായി നാട്ടിലേക്ക് തിരിച്ചു.
കണ്ണൂർ പാപ്പിനശ്ശേരി വെസ്റ്റ് കൊച്ചായി ഒടിയിൽ നഫീസയുടെയും അബ്ദുൾഖാദറിന്റെയും മകനായ അബ്ദുൽ മജീദിന് റഷീദ, സറീന (ഭാര്യമാർ), അർഷാദ് (സൗദി) റിയാദ്, ഖൈറുന്നിസ, മഹറൂന്നിസ, നിഹാദ് ,മിൻഹാ (മിന്നു)എന്നിവർ മക്കളാണ് . പരേതയായ ആസിയ, മഹ്മൂദ്, അബ്ദുൾറഹ്മാൻ, ഖദീജ, ശരീഫ, ഇബ്രാഹിം,സുഹറ എന്നിവർ സഹോദരങ്ങളാണ് .