​വികസനവും കരുതലുമായി വി.ഡി. സതീശൻ സർക്കാരിന്റെ കന്നി ബജറ്റ്; പ്രവാസി സമൂഹത്തിന് വലിയ പ്രതീക്ഷയെന്ന് റിയാദ് ഒഐസിസി

റിയാദ്: വി.ഡി. സതീശൻ മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ശേഷം അവതരിപ്പിച്ച ആദ്യ സംസ്ഥാന ബജറ്റ് പ്രവാസി സൗഹൃദവും സാധാരണക്കാരന്റെ ക്ഷേമം മുൻനിർത്തിയുള്ളതുമാണെന്ന് റിയാദ് ഒഐസിസി പ്രസ്താവനയിൽ അറിയിച്ചു. സാമ്പത്തിക അച്ചടക്കം പാലിച്ച് കൊണ്ടുതന്നെ സംസ്ഥാനത്തിന്റെ വികസനത്തിന് പുത്തനുണർവ് നൽകുന്നതാണ് ബജറ്റ് നിർദ്ദേശങ്ങളെന്ന് റിയാദ് ഒഐസിസി നേതൃത്വം വിലയിരുത്തി.

പ്രവാസികൾക്കായി ബജറ്റിൽ പ്രഖ്യാപിച്ച സമഗ്ര പദ്ധതികളെ സംഘടന പ്രത്യേകം സ്വാഗതം ചെയ്തു. മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി കുറഞ്ഞ പലിശയിൽ വായ്പകൾ, നോർക്ക വഴിയുള്ള ‘പ്രവാസി ഡിവിഡന്റ് സ്കീം’, ‘സാന്ത്വന’ പദ്ധതി എന്നിവയ വലിയൊരു ആശ്വാസമാണ്.
​പ്രവാസികളെ വെറും പണം അയക്കുന്നവരായി കാണാതെ, കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ‘നിക്ഷേപാധിഷ്ഠിത സമ്പദ്‌വ്യവസ്ഥ’യായി മാറ്റാൻ ലക്ഷ്യമിട്ടുള്ള ‘പ്രവാസി ഇൻവെസ്റ്റ്‌മെന്റ് ഫണ്ട്’ രൂപീകരിക്കാനുള്ള തീരുമാനം വളരെ ദീർഘവീക്ഷണമുള്ളതാണ്. ഇതിനൊപ്പം വിദേശത്തുനിന്ന് തിരിച്ചെത്തുന്നവർക്കും നിക്ഷേപകർക്കുമായി ‘പ്രവാസി വ്യാവസായിക പാർക്കുകൾ’ ആരംഭിക്കുന്നതും സംരംഭകർക്ക് മികച്ച അവസരമൊരുക്കും.

വിദേശ തൊഴിൽ വിപണിയിലെ മാറ്റങ്ങൾ കൃത്യമായി നിരീക്ഷിക്കാനായി 2 കോടി രൂപ വകയിരുത്തി ‘ഗ്ലോബൽ ജോബ് വാച്ച് ടവർ’ സ്ഥാപിക്കാനുള്ള തീരുമാനത്തെയും സംഘടന അഭിനന്ദിച്ചു. കൂടാതെ, പ്രവാസികൾക്ക് ഏറെ പ്രയോജനപ്പെടുന്ന നാല് വിമാനത്താവളങ്ങളുടെ ഏകോപിത വികസനത്തിനും ഏവിയേഷൻ ലോജിസ്റ്റിക്സ് ഹബ്ബിനുമായി 200 കോടി രൂപ അനുവദിച്ചത് വിമാനയാത്രാ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരും. പ്രവാസി ക്ഷേമനിധി ബോർഡ് വഴി നൽകുന്ന പെൻഷൻ തുകയിലും ചികിത്സാ സഹായത്തിലും വരുത്തിയ വർധനവും ഏറെ സ്വാഗതാർഹമാണ്.

അതോടൊപ്പം സാധാരണക്കാരുടെ ജീവിതഭാരം കുറയ്ക്കുന്ന ഒട്ടേറെ നിർദ്ദേശങ്ങൾ ഈ ബജറ്റിലുണ്ട്. കുടുംബങ്ങൾക്ക് പ്രതിവർഷം 25 ലക്ഷം രൂപ വരെ ചികിത്സാ സഹായം ഉറപ്പാക്കുന്ന ‘ഉമ്മൻ ചാണ്ടി ഹെൽത്ത് ഇൻഷുറൻസ് സ്കീം’ ആരോഗ്യമേഖലയിലെ വലിയ ചുവടുവയ്പ്പാണ്. കാർഷിക മേഖലയിൽ റബ്ബറിന്റെ താങ്ങുവില 250 രൂപയായി ഉയർത്തിയത് കർഷകർക്ക് വലിയ ആത്മവിശ്വാസം നൽകും. സപ്ലൈകോ വഴി വിലക്കയറ്റം നിയന്ത്രിക്കാനും ക്ഷേമ പെൻഷനുകൾ മുടങ്ങാതെ നൽകാനുമുള്ള നടപടികൾ സാധാരണക്കാരുടെ ജീവിതത്തിന് വലിയ താങ്ങാവുമെന്നും സംഘടന ചൂണ്ടിക്കാട്ടി.
​സ്ത്രീകളുടെയും ട്രാൻസ്‌ജെൻഡറുകളുടെയും പൊതുഗതാഗത സൗജന്യ യാത്ര, കെ.എസ്.ആർ.ടി.സിയുടെ വികസനത്തിനായുള്ള പ്രത്യേക ഫണ്ട് വകയിരുത്തൽ എന്നിവയെയും റിയാദ് ഒഐസിസി അഭിനന്ദിച്ചു.

​കേരളത്തിന്റെ വികസന യാത്രയിൽ പ്രവാസികളുടെ പങ്ക് വലുതാണെന്നും, സർക്കാർ പ്രഖ്യാപിച്ച ഈ പദ്ധതികൾ സമയബന്ധിതമായും സുതാര്യമായും നടപ്പിലാക്കുമെന്ന വിശ്വാസമുണ്ടെന്നും റിയാദ് ഒഐസിസി പ്രസിഡന്റ് സലീം കളക്കര, ജനറൽ സെക്രട്ടറി സുരേഷ് ശങ്കർ, മീഡിയ കൺവീനർ അശ്റഫ് മേച്ചേരി എന്നിവർ വ്യക്തമാക്കി. വരും നാളുകളിൽ ഈ പദ്ധതികൾ കേരളത്തെ പുതിയൊരു വികസന പാതയിലേക്ക് നയിക്കുമെന്നും പ്രസ്താവനയിൽ പറഞ്ഞു.

spot_img

Related Articles

Latest news