റിയാദ്:
യുഡിഎഫ് എംഎൽഎ നജീബ് കാന്തപുരത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ‘എട്ടുമുക്കാലട്ടി വച്ചത് പോലെ’ എന്ന പരാമർശം അശ്ലീലവും നിന്ദ്യവുമാണെന്ന് ഒ.ഐ.സി.സി റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി വ്യക്തമാക്കി. പ്രസ്താവന മുഖ്യമന്ത്രിയുടെ സാംസ്കാരികവും രാഷ്ട്രീയ നിലവാരവും വ്യക്തമാക്കുന്നതാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി.
മികച്ച പാർലമെന്റേറിയനായ എൻ.കെ. പ്രേമചന്ദ്രനെ “പരനാറി” എന്നും, താമരശ്ശേരി ബിഷപ്പിനെ “നികൃഷ്ടജീവി” എന്നും വിശേഷിപ്പിച്ചതും, സി.പി.എം പ്രവർത്തകർ കൊലപ്പെടുത്തിയ ടി.പി. ചന്ദ്രശേഖരനെ “കുലംകുത്തി” എന്ന് പരിഹസിച്ചതും, ഇപ്പോൾ നജീബ് കാന്തപുരത്തെ “എട്ടുമുക്കാലട്ടി വച്ചത് പോലെ” എന്ന് ബോഡി ഷെയിം ചെയ്തത് വരെ, ഇതെല്ലാം മുഖ്യമന്ത്രിയുടെ സംസ്കാര ദൗർലഭ്യത്തിന്റെ തെളിവുകളാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.
സംസ്കാരത്തിന്റെ പ്രാഥമിക പാഠങ്ങൾ കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നുമാണ് ലഭിക്കേണ്ടതെങ്കിലും മുഖ്യമന്ത്രിക്ക് അത് ലഭിച്ചില്ലെന്ന് വ്യക്തമാണ്. രാഷ്ട്രീയ മര്യാദയുടെ ഒരു അംശം പോലും ശേഷിക്കുന്നുണ്ടെങ്കിൽ, നജീബ് കാന്തപുരത്തിനെതിരായ പരാമർശം പിൻവലിച്ച് പൊതുവായി മാപ്പ് പറയണമെന്ന് ഒ.ഐ.സി.സി നേതാക്കൾ ആവശ്യപ്പെട്ടു.