ഗാന്ധി സാമൂഹ്യ തിന്മകൾക്കും അതി തീവ്രവാദങ്ങൾക്കും അരുതായ്മകൾക്കുമെതിരെയുള്ള ചോദ്യ ചിഹ്നമാണെന്നും ഇവക്കാകെയുള്ള ഏക പരിഹാരമാണ് ഗാന്ധിയൻ ചിന്തകളെന്നും പ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ അഡ്വ. മായാദാസ് അഭിപ്രായപ്പെട്ടു. മഹാത്മജിയുടെ എഴുപത്തിനാലാം രക്തസാക്ഷി ദിനത്തോടനുബന്ധിച്ചു ഓ.ഐ.സി.സി. റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധിസ്‌മൃതി സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിയെപോലെ മജ്ജയും മാംസവുമുള്ള ഒരാൾ ഈ ഭൂമിയിൽ ജീവിച്ചിരുന്നോ എന്ന് പുതിയ തലമുറ ചിന്തിക്കുമെന്ന ഐൻസ്റ്റീന്റെ വചനത്തെ ഓർത്തുകൊണ്ടാണ് മായാദാസ് തന്റെ പ്രഭാഷണം ആരംഭിച്ചത്. മത തീവ്രാവാദവും പ്രാദേശിക വാദവും മറ്റെല്ലാ തരത്തിലുമുള്ള ഭിന്നതകൾ വളർത്തിയെടുക്കാൻ തിന്മയുടെ ശക്തികൾ മത്സരിക്കുന്ന കാലത്ത് സഹജ സ്നേഹത്തിന്റെയും നിതാന്തമായ മനുഷ്യ നന്മയുടെയും പ്രതീകമായി വഴികാട്ടിയായി ഗാന്ധിയൻ ചിന്ത തലയുയർത്തി നില്കുന്നു എന്നദ്ദേഹം ഓർമ്മപ്പെടുത്തി.
ഗാന്ധി ഇന്ത്യയുടേതല്ല, ലോകത്തിന്റേതാണെന്നും, ഗാന്ധി ശരിയാണെന്നും, ഗാന്ധി മാത്രമാണ് ശരിയെന്നു തിരിച്ചറിയുന്ന ഒരു പുതിയ കാലത്തിലൂടെയാണ് ലോകം കടന്നു പോകുന്നതെന്നും യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് രഘുനാഥ് പറശ്ശിനിക്കടവ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സലിം കളക്കര, ഷംനാദ് കരുനാഗപ്പള്ളി, ശിഹാബ് കൊട്ടുകാട്, വിവിധ ജില്ലാ കമ്മിറ്റി പ്രസിഡന്റുമാരായ സജീർ പൂന്തുറ, ബാലു കുട്ടൻ, സുഗതൻ നൂറനാട്, കെ.കെ. തോമസ്, ശുകൂർ ആലുവ, സുരേഷ് ശങ്കർ, അമീർ പട്ടണത്ത്, അബ്ദുൽ കരീം കൊടുവള്ളി, മഹമൂദ് വയനാട്, സലിം ആർത്തിയിൽ, ജയൻ മാവില, അനസ് മുസാമിയ, രാജു തൃശ്ശൂർ, തുടങ്ങിയവർ സംസാരിച്ചു. ജന.സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറ സ്വാഗതവും യഹ്യ കൊടുങ്ങലൂർ നന്ദിയും പറഞ്ഞു.