രണ്ട് വർഷമായി അലട്ടുന്ന പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ. ഒപ്പം, നടത്തിയിരുന്ന സ്ഥാപനം നഷ്ടത്തിലായതിനെ തുടർന്നുണ്ടായ വലിയ സാമ്പത്തിക ബാധ്യത. ചികിത്സയുടെ ഭാഗമായി അടിയന്തിര ശാസ്ത്രക്രിയ വേണമെന്ന ഡോക്ടർമാരുടെ നിർദ്ദേശം. പക്ഷേ ബാധ്യതകൾ കാരണം യാത്ര തടഞ്ഞു വെച്ചിരിക്കുന്ന സ്പോൺസർ. ഇതായിരുന്നു അബ്ദുൽ ഖാദറിന്റെ അവസ്ഥ.
സൗദി അറേബ്യയിലെ തബൂക്കിൽ കുടുങ്ങിപ്പോയ തൃശൂർ വെട്ടിക്കാട്ടിരി ചെറുളിയിൽ അബ്ദുള്ളയുടെ മകൻ അബ്ദുൾ ഖാദറിനെ ഇങ്ങനെ ഒരു പ്രതിസന്ധിയിൽ നിന്നാണ് ഒഐസിസിയുടെ തബൂക്ക് കമ്മിറ്റിയും റിയാദ് തൃശൂർ ജില്ലാ കമ്മിറ്റിയും ചേർന്ന് കരകയറ്റിയത്.
അബ്ദുൾ കാദറിന്റെ വിഷയം ഒഐസിസി തൃശൂർ ജില്ലാ പ്രസിഡന്റ് സുരേഷ് ശങ്കറിന്റെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് അദ്ദേഹം തബൂക്കിലെ സാമൂഹിക പ്രവർത്തകരായ സുലൈമാൻ കൊടുങ്ങലൂർ, ഷാജഹാൻ കുളത്തൂപുഴ, ലാലു ശൂരനാട് എന്നിവരെ സമീപിക്കുകയും അവരുടെ ക്രിയാത്മകമായ ഇടപെടലുകൾ ഉറപ്പു വരുത്തുകയും ചെയ്തു.
അബ്ദുൾ കാദറിന് നാട്ടിലേക്കുള്ള ടിക്കറ്റ് ഒഐസിസി റിയാദ് തൃശൂർ കമ്മിറ്റി നൽകി. സാമ്പത്തിക ബാധ്യതകൾ പരിഹരിക്കാൻ നാട്ടുകാരും വെട്ടിക്കാട്ടിരി മഹല്ല് സൗഹൃദകമ്മിറ്റിയും സഹായവുമായി കൂടെ ഉണ്ടായിരുന്നു.
നാട്ടിൽ എത്തിയാലും തുടർ ചികിത്സക്ക് വേണ്ട വലിയ ഒരു തുക കണ്ടെത്താൻ സുമനസ്സുകൾ കൂടെയുണ്ടാവുമെന്നാണ് അബ്ദുൽ ഖാദറിന്റെയും അദ്ദേഹത്തെ സഹായിച്ചവരുടെയും പ്രതീക്ഷ.