കണ്ണൂർ വാരത്ത് കവർച്ചക്കിരയായ വയോധിക മരിച്ചു. വാരം ചതുരക്കിണർ ടി.കെ.ഹൗസിൽ ആയിഷ(75) ആണ് ഇന്ന് പുലർച്ചെ കോഴിക്കോട് മെഡിക്കൽ കോളജിൽ മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ ആയിഷയെ അക്രമിച്ച് മോഷ്ടാവ് കമ്മൽ കവരുകയായിരുന്നു.
പ്രാർത്ഥന നടത്താൻ എഴുന്നേറ്റ ആയിഷ വീടിനു മുറ്റത്തെ പൈപ്പിൽ നിന്ന് വെള്ളം ഒഴുകുന്ന ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് കവർച്ചക്കിരയായത്. അക്രമത്തിൽ ആയിഷയുടെ ഇരു ചെവികളും മുറിയുകയും വാരിയെല്ലുകൾ ഒടിയുകയും ചെയ്തു. കാലുകൾക്കും ഗുരുതരമായ പരിക്കേറ്റിരുന്നു.
കവർച്ചയ്ക്കിടെ മോഷ്ടാവുമായുള്ള ചെറുത്തു നിൽപിനിടെയാണ് ആയിഷയ്ക്ക് പരിക്കേറ്റത് എന്നാണ് സൂചന. ഗുരുതരമായി പരിക്കേറ്റ ആയിഷയെ ആദ്യം കണ്ണൂരിലെ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് നില ഗുരുതരമായതു കാരണം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
ചതുരക്കിണറിൽ ആയിഷ ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണുള്ളത്. സംഭവത്തെക്കുറിച്ച് കണ്ണൂർ ടൗൺ പോലീസ് കേസെടുത്ത് അന്വേഷിച്ചു വരികയാണ്.