കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ഏർപ്പെടുത്തിയ യാത്രാവിലക്ക് ഒമാൻ എടുത്തു കളഞ്ഞു. സ്വദേശികൾക്കും വിദേശികൾക്കും രാജ്യത്തേക്ക് പ്രവേശിക്കാമെന്ന് കോവിഡ് നിയന്ത്രണങ്ങൾക്കായി രൂപീകരിച്ച സുപ്രീം കമ്മിറ്റി അറിയിച്ചു.
ഏപ്രിൽ ഏഴ് മുതൽ ഒമാനിൽ റെസിഡൻസ് വിസയിലുള്ള വിദേശികളോ പൗരന്മാരോ അല്ലാത്തവർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. കോവിഡ് വ്യാപനം സംഭവിച്ചതോടെ വിലക്ക് നീട്ടുകയായിരുന്നു. ഇതാണ് ഇപ്പോൾ വേണ്ടെന്നുവെച്ചത്. പുതിയ നിർദേശമനുസരിച്ച് വിസയുള്ളവർക്കും വിസിറ്റിംഗ് വിസയിൽ വരുന്നവർക്കും രാജ്യത്തേക്ക് പ്രവേശിക്കാം.
ഇതുമായി ബന്ധപ്പെട്ട നിർദേശം വ്യോമയാന വകുപ്പിനും കൈമാറിയിട്ടുണ്ട്. എന്നാൽ പുതിയ വിസകൾ അനുവദിക്കുന്നത് താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. ഇനി ഒരറിയിപ്പുണ്ടാകുന്നതു വരെ പുതിയ വിസകൾ അനുവദിക്കില്ലെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു.
നേരത്തെ വിലക്കിയിരുന്ന ദക്ഷിണാഫ്രിക്ക, ബ്രസീൽ, നൈജീരിയ, സിയറലിയോൺ, എത്യോപ്യ, ലബനോൻ, താൻസാനിയ, ഘാന, സുഡാൻ, ഗിനിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കും നേരിട്ട് ഒമാനിൽ എത്താൻ സാധിക്കും.